X

കാലവര്‍ഷത്തില്‍ വയനാട്ടില്‍ വൈദ്യുതി ബോര്‍ഡിന് രണ്ടരകോടി നഷ്ടം

കല്‍പ്പറ്റ: വയനാട്ടില്‍ കാലവര്‍ഷത്തില്‍ ഓഗസ്റ്റ് 28 വരെ വൈദ്യുതി ബോര്‍ഡിനുണ്ടായത് 2.5 കോടി രൂപയുടെ നഷ്ടം. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ആസ്തികള്‍ നശിച്ച് 1.3 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
70 ലക്ഷം രൂപയാണ് വരുമാനനഷ്ടം. മണ്ണിടിഞ്ഞും വെള്ളം കയറിയും 16 ട്രാന്‍സ്‌ഫോര്‍മറുകളാണ് ജില്ലയില്‍ തകരാറിലായത്.
16 ലക്ഷം രൂപയാണ് ഇതുമൂലം നഷ്ടം. ഹൈ ടെന്‍ഷന്‍, ലോ ടെന്‍ഷന്‍ വിഭാഗങ്ങളിലായി 1849 തൂണുകള്‍ തകര്‍ന്ന് 73.96 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. എച്ച്ടി, എല്‍ടി വിഭാഗങ്ങളിലായി 52.40 കിലോമീറ്റര്‍ വൈദ്യുത ലൈന്‍ നശിച്ചു. 26.20 ലക്ഷം രൂപയാണ് നഷ്ടം.
2,000 എനര്‍ജി മീറ്റര്‍ തകരാറിലായതുമൂലം 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കണിയാമ്പറ്റ ട്രാന്‍സ്മിഷന്‍ ഡിഷനില്‍ 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
ജില്ലയില്‍ കെഎസ്ഇബി കല്‍പ്പറ്റ ഡിവിഷനില്‍ ചെതലയം, പൊന്‍കുഴി, നൂല്‍പ്പുഴ, വൈത്തിരി, സുഗന്ധഗിരി, അംബ പ്രദേശങ്ങളിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്.
മാനന്തവാടി ഡിവിഷനില്‍ മാനന്തവാടി, തവിഞ്ഞാല്‍, പനമരം, പടിഞ്ഞാറത്തറ, കാട്ടിക്കുളം, തിരുനെല്ലി പ്രദേശങ്ങളിലാണ് കനത്ത നഷ്ടം സംഭവിച്ചത്.

chandrika: