X

വയനാട് ജീപ്പ് അപകടം: വേദനാജനകമെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: വയനാട് തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ഏറെ ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അപകടത്തില്‍ മരിച്ചവര്‍ക്ക് ആത്മശാന്തി നേരുന്നു. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും തങ്ങള്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസമാണ് തലപ്പുഴക്ക് സമീപം തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിച്ചത്. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണോത്ത് മലക്ക് സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വളവ് തിരിയുന്ന തിനിടെ നിയന്ത്രണം വിട്ട ജീപ്പ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നവരെല്ലാം.

വാളാട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തേയില നുള്ളാന്‍ പോയ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി യാണ് അപകടം. കൂളന്‍തൊടിയില്‍ സത്യന്റെ ഭാര്യ ലീല (42), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന (54), പരേതനായ കാപ്പില്‍ മമ്മുവിന്റെ ഭാര്യ റാബിയ (55), പത്മനാഭന്റെ ഭാര്യ ശാന്ത (45), വേലായുധന്റെ (മണി) ഭാര്യ കാര്‍ത്യായനി (62), പ്രമോദി(ബാബു)ന്റെ ഭാര്യ ഷാജ (42), കാര്‍ത്തികിന്റെ ഭാര്യ ചിത്ര (28), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57) എന്നിവരാണ് മരിച്ചത്. ജീപ്പ് െ്രെഡവര്‍ മണികണ്ഠന്‍ (44), ജയന്തി പുഷ്പരാജ് (45), ലത ബാലസുബ്രഹ്മണ്യന്‍ (44), മോഹന സുന്ദരി (42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ ലത ബാലസുബ്രഹ്മണ്യനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് വീണത് അപകടം ഗുരുതരമാക്കി. ദീപു ട്രേഡിങ് കമ്പനിയുടെ കെ.എല്‍ 11 ഡി 5655 നമ്പര്‍ ജിപ്പാണ് അപകടത്തില്‍പെട്ടത്. വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടം. 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പാറക്കെട്ടുകളിലേക്ക് വീണ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്തെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വടംകെട്ടി താഴെയി റങ്ങിയാണ് നാട്ടുകാര്‍ പരി ക്കേറ്റവരെ പുറത്തെത്തി ച്ചത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വയനാട് മെഡിക്കല്‍ കോളജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

webdesk11: