വയനാട്ടിൽ വന്യമൃഗ- മനുഷ്യ സംഘർഷങ്ങൾ വർധിക്കുന്നത് വലിയ ചർച്ചയാകുന്നതിനിടെ ജില്ലയിലെ കടുവകളുടെ കണക്ക് പുറത്തുവിട്ട് വനം വകുപ്പ്. 2023ലെ കണക്ക് പ്രകാരം വയനാട്ടിൽ 84 കടുവകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 6 എണ്ണത്തിനെ പിടികൂടിയിട്ടുണ്ട്. 2023 ഏപ്രില്‍ മാസം മുതല്‍ ഇതുവരെയായി 3 കടുവകള്‍ മരിച്ചെന്നും വനംവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളാ ഫോറസ്റ്റ് ആന്‍റ് വൈല്‍ഡ് ലൈഫ് വകുപ്പിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വനംവകുപ്പ് കടുവകളുടെ എണ്ണം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. വനംവകുപ്പിന്‍റെ പുതിയ വസ്തുതാവിവരണപ്രകാരം വയനാട് ജില്ലയുടെ ആകെ വനവിസ്തൃതി 1138 സ്ക്വയര്‍ കിലോമീറ്ററാണ്. വയനാട് വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം, കൊട്ടിയൂര്‍ വന്യജീവി സങ്കേതം, വയനാട് നോര്‍ത്ത് ഡിവിഷന്‍, വയനാട് സൗത്ത് ഡിവിഷന്‍, കണ്ണൂര്‍ ഡിവിഷന്‍ എന്നീ വനപ്രദേശങ്ങളിലെ കടുവകളുടെ എണ്ണമാണ് പുറത്ത് വിട്ടിരിക്കുന്നത്.