X

വയനാട് ചുരത്തില്‍ സ്ഥാപിക്കുന്നത് 19 സോളാര്‍ ലൈറ്റുകള്‍

കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ 19 കേന്ദ്രങ്ങളില്‍ ജില്ലാ പഞ്ചായത്ത് സോളാര്‍ ലൈറ്റ് സ്ഥാപിക്കും. അപകടങ്ങള്‍ കുറയ്ക്കുന്നതിനും അപായരഹിതമായ യാത്രയ്ക്കും സിഗ്‌നല്‍ ലൈറ്റുകള്‍, സോളാര്‍ ലൈറ്റ് എന്നിവ സ്ഥാപിക്കും. പ്രവൃത്തി കെല്‍ട്രോണ്‍ മുഖേന നിര്‍വ്വഹണം നടത്തുന്നതിന് സര്‍ക്കാറിന്റെ അനുമതി തേടും.

വിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ യോഗത്തിലാണ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ തീരുമാനമുണ്ടായത്. ജില്ലാപഞ്ചായത്തിന്റെ വികസനഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചുരത്തില്‍ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ജില്ലാ ആയൂര്‍വേദ ആശുപത്രിയുടെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ട് സര്‍ക്കാര്‍ ട്രഷറിയില്‍ അടക്കണമെന്ന ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശം ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി.

ആശുപത്രി വികസന ഫണ്ട് ആശുപത്രിയുടെ ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുന്നതിനുളള അനുമതിക്ക് സര്‍ക്കാറിനോടിന് അപേക്ഷിക്കും. ജില്ലാ പഞ്ചായത്തിന് പൂര്‍ണമായും വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗത്തില്‍ വകുപ്പിന്റെ ഇടപ്പെടല്‍ അധികാരവികേന്ദ്രീകരണത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നടപ്പ് വാര്‍ഷിക പദ്ധതിയായ എഡ്യൂകെയര്‍ സമഗ്ര പരിരക്ഷാ പദ്ധതിയ്ക്ക് 20 ലക്ഷം രൂപ വകയിരുത്തി. മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിന് അഞ്ച് ലക്ഷം രൂപ കൂടി വകയിരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നതിനും യോഗം അനുമതി നല്‍കി.

chandrika: