X

വനം വകുപ്പ് റോഡ് കോണ്‍ക്രീറ്റ് ചെയ്തവര്‍ക്കെതിരെ കേസ്സെടുത്തു


കല്‍പ്പറ്റ: വൈത്തിരി ബി.എസ്.എന്‍.എല്‍ ടവറിലേക്ക് അനുവദിച്ചിരുന്ന റോഡ് അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തതിന് വനം വകുപ്പ് കേസ്സെടുത്തു. മേപ്പാടി റെയ്ഞ്ച് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന വൈത്തിരി ഗ്രീഷ്മം റിസോര്‍ട്ടിന് സമീപം ഫോറസ്റ്റ് റോഡിന്റെ വിവിധ ഭാഗങ്ങള്‍ സമീപത്തെ വിവിധ റിസോര്‍ട്ട് ഉടമകളുടെ നിര്‍ദ്ദേശാനുസരണം അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രവൃത്തി തടഞ്ഞ് കോണ്‍ക്രീറ്റ് മിക്‌സ്ചര്‍, വാട്ടര്‍ ടാങ്ക് എന്നിവ ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവൃത്തി ഏറ്റെടുത്ത മീനങ്ങാടി പുല്‍പ്പറമ്പില്‍ വര്‍ഗീസ് ജോയ്, ഷറഫുദ്ദീന്‍ പാറക്കല്‍ പഴയ വൈത്തിരി എന്നിവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വനഭൂമി കൈയ്യേറി അനധികൃത പ്രവര്‍ത്തനങ്ങളും നിര്‍മാണങ്ങളും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബാബുരാജ് അറിയിച്ചു. വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി അഭിലാഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ഗിരീഷ്, കെ. ബാബു, കെ.ആര്‍ വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഐശ്വര്യ സൈഗാള്‍, എം. സി ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

chandrika: