കല്‍പറ്റ: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള അവസാന നാല് പേരുടെ പട്ടികയില്‍ വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും. 718 കലക്ടര്‍മാരില്‍ നിന്നും തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ നേരത്തെ അദീല ഇടം നേടിയിരുന്നു.പ്രവര്‍ത്തന മികവിന് രാജ്യത്തെ മികച്ച കലക്ടര്‍മാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്.
മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്. അദീലയടക്കം ദക്ഷിണേന്ത്യയില്‍ നിന്ന് അഞ്ച് കലക്ടര്‍മാരാണ് പ്രാഥമിക പട്ടികയില്‍ ഇടം നേടിയിരുന്നത്. പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള പവര്‍ പോയിന്റ് അവതരണം നടത്തിയിരുന്നു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പദ്ധതിക്ക് വായ്പ ലഭ്യമാക്കിയതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് അദീലക്ക് സഹായകമായത്.
മലബാറില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസാവുന്ന ആദ്യ മുസ്‌ലിം വനിതയെന്ന ചരിത്ര നേട്ടത്തിനുടമയാണ് ഡോ. അദീല അബ്ദുല്ല. മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായിട്ടും വയനാട് ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ അദീല അബ്ദുല്ല മികച്ച പ്രവര്‍ത്തനമായിരുന്നു കാഴ്ച്ചവെച്ചത്. 34കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റിയാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കലക്ടറായി ചുമതലയേറ്റത്.
കുറ്റിയാടി വടയം സ്വദേശി നെല്ലിക്കണ്ടി അബ്ദുല്ലയുടെയും നാദാപുരം ടി.ഐ.എം ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ബിയ്യാത്തുവിന്റെയും മകളാണ്. പെരിന്തല്‍മണ്ണ ഏലംകുളംകുന്നക്കാവ് സ്വദേശിയായ ഡോ. റബീഹ് ആണ് ഭര്‍ത്താവ്.