X

വയനാട് ദുരന്തം: രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച, ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണം: ഹാരിസ് ബീരാന്‍ എം.പി

പശ്ചിമഘട്ടത്തിന്റെ മുഴുവൻ ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന ആധുനിക സംവിധാനത്തോടുകൂടിയുള്ള ദുരന്ത മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി സാധാരണക്കാരുടെ ജീവിതം സുരക്ഷിതമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
കാലാവസ്ഥാ നിരീക്ഷണങ്കേന്ദ്രവും ഭൗമ ശാസ്ത്ര സമുദ്ര ശാസ്ത്ര, ജലശാസ്ത്ര വിഭാഗങ്ങളെ സംയോജിപ്പിച്ച് പർവ്വതം, കാറ്റ് തുടങ്ങിയ ഘടകങ്ങളെ കൂടി പരിശോധിച്ച് രാജ്യത്തെ ഏറ്റവും ഉയർന്ന ശാസ്ത്ര സാങ്കേതിക വിഭാഗങ്ങളുടെയും ഐ.ഐ.ടി പോലുള്ള സാങ്കേതിക പഠന ഗവേഷണ കേന്ദ്രങ്ങളുടെയും സഹായത്തോടെ ദുരന്തത്തെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പ് നൽകണം.
മേഘവിസ്ഫോടനത്തേക്കുറിച്ചും ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചുള്ള മുൻകൂട്ടിയുള്ള വിവരങ്ങൾ നൽകുന്ന നൂതന വിദ്യ എത്രയും വേഗം രൂപപ്പെടുത്തി മേഖലകളിൽ സംവിധാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തേക്കുറിച്ച് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിലാണ് എം പി ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ആവശ്യമായ സാമ്പത്തിക സൈനിക സഹായം എത്രയും വേഗം നടപ്പിലാക്കണമെന്നും ബജറ്റിൽ ഒരുതരത്തിലും പരിഗണിക്കാതെ പോയ കേരളത്തിന്റെ ദുരന്ത നിവാരണ മേഖലയെ ഇനിയെങ്കിലും പരിഗണിച്ച് സാധ്യമായത് ചെയ്യണമെന്നും എം പി കൂട്ടിച്ചേർത്തു. തുടർച്ചയായ ദിവസങ്ങളിലെ ശക്തമായ മഴയിൽ മണ്ണ് ദുരബാലമാവുകയും അതുമൂലം മലയിടിഞ്ഞ് അപകടമുണ്ടാവുകയുമാണുണ്ടായത്.
വരാൻ പോകുന്ന ദുരന്തത്തേക്കുറിച്ചോ അതിന്റെ വ്യാപ്തിയെക്കുറിച്ചോ മുന്നറിയിപ്പ് നൽകാവുന്ന സംവിധാനം നമുക്കില്ലാത്തതാണ് ഇത്രയും വലിയ അപകടത്തിന് വഴിവച്ചത് എന്നും മുസ്ലിം ലീഗ് രാജ്യസഭാ കക്ഷി ലീഡർ പി വി അബ്ദുൽ വഹാബ് എം പി ഡൽഹിയിൽ നിന്നും ദുരന്ത മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും എം.പി രാജ്യസഭയിൽ അറിയിച്ചു.

webdesk13: