കേരളം നടുങ്ങിയ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട സഹജീവികള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും മറന്ന് രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരെ അപമാനിച്ച് കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാര്‍. ‘ജീവന്‍ തേടിപ്പോയവര്‍ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവര്‍ മലയിറങ്ങി’ എന്നാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളന്റിയര്‍മാര്‍ ഒരുക്കിയ ഭക്ഷണ വിതരണം പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവാദത്തിന്റെ തുടര്‍ച്ചയായാണ് എം.എല്‍.എയുടെ പ്രതികരണം.
വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ഡി.ഐ.ജി തോംസണ്‍ ജോസ് അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസിനും സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് ഡി.ഐ.ജി പറഞ്ഞിരുന്നത്. അടുക്കള പൂട്ടിച്ചത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു.
എന്നാല്‍, രക്ഷാപ്രവര്‍ത്തകരെ ഒന്നടങ്കം അപമാനിച്ച എം.എല്‍.എക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. എല്ലാവരും കൈമെയ് മറന്ന് മനുഷ്യരാണെന്ന ഒറ്റഭാവത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ പരിഹസിച്ചത് ഉചിതമായില്ലെന്ന് മിക്കവരും ചൂണ്ടിക്കാട്ടി. പഴയ ഡി.വൈ.എഫ്.ഐക്കാരന്റെ നിലവാരത്തില്‍ എം.എല്‍.എ പ്രതികരിക്കരുത് എന്നും ചിലര്‍ ഓര്‍മിപ്പിച്ചു.
നേരത്തെ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസും വയനാട്ടിലെ രക്ഷാപ്രവര്‍ത്തകരെ പരസ്യമായി അപമാനിച്ചിരുന്നു. ജെനീഷ് കുമാര്‍ എം.എല്‍.എ ഇദ്ദേഹത്തെ മാതൃകയാക്കി സന്നദ്ധസേവകരെ അപമാനിക്കുകയാണെന്ന് എം.എല്‍.എയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തു.
അവിടെയുള്ളവര്‍ ധിറുതി പിടിച്ച് ടീ ഷര്‍ട്ടുകള്‍ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ലെന്നുമായിരുന്നു ഒരു യു-ട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ മോഹന്‍ദാസ് ആരോപിച്ചത്. ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാന്‍ ഇവര്‍ക്ക് പേടിയാണെന്നും പറഞ്ഞിരുന്നു. ‘ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടി.വിയില്‍ കാണാമല്ലോ. ഇവരുടെ ആ ടീ ഷര്‍ട്ട് കണ്ടാലറിയാം, ധിറുതി പിടിച്ച് തയ്യല്‍ക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ല’ -ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ പറഞ്ഞു.