വയനാട്ടില്‍ സി.പി.എമ്മിന്റെ ബ്രാഞ്ചൊന്നാകെ മുസ്ലിംലീഗിലേക്ക്. മുട്ടില്‍ പഞ്ചായത്ത് 19ാം വാര്‍ഡ് ചെലഞ്ഞിച്ചാലിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 40 പ്രവര്‍ത്തകരും അവരുടെ കുടുംബവുമാണ് മുസ്ലിംലീഗില്‍ ചേര്‍ന്നത്. രാജിവച്ചവരെ കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റസാക്ക് കല്‍പ്പറ്റ അംഗത്വം നല്‍കി സ്വീകരിച്ചു. അധികാരത്തിനായി വര്‍ഗീയതയെ കൂട്ടുപിടിച്ചും ന്യൂനപക്ഷങ്ങളെ അകറ്റിയും സി.പി.എം തുടരുന്ന രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഇവരുടെ വിശദീകരണം.
സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായിരുന്ന സക്കീര്‍, ഡി.വൈ.എഫ്.ഐ ബ്രാഞ്ച് പ്രസിഡന്റും, മേഖല ജോയിന്റ് സെക്രട്ടറിയുമായിരുന്ന ജാസര്‍ പുലവര്‍ എന്നിവര്‍ സംസാരിച്ചു. ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി ഓഫിസ് ഇനി മുതല്‍ മുസ്ലിംലീഗ് ഓഫീസായിരിക്കുമെന്നും ഇവര്‍ പറഞ്ഞു. മുട്ടില്‍ പഞ്ചായത്തിലെ സി.പി.എം നേതൃത്വം വര്‍ഗീയ ചേരിതിരിവ് കാണിച്ചെന്നാണ് പാര്‍ട്ടി വിട്ടവരുടെ ആരോപണം.