കല്‍പ്പറ്റ: വയനാട്ടിലെ പ്രമുഖ സി പി എം നേതാവ് ഇ എ ശങ്കരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി പി എം പുല്‍പ്പള്ളി ഏരിയാകമ്മിറ്റിയംഗം, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഹൗസിംഗ് ബോര്‍ഡ് അംഗം, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സി പി എമ്മിന്റെ അക്രമ, കൊലപാത രാഷ്ട്രീയം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി സമൂഹത്തോടെ വഞ്ചനാപരമായ നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
ആദിവാസി വിഭാഗത്തിന്റെ നേതാവെന്ന നിലയില്‍ നിരവധി വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുകളൊന്നുമുണ്ടായില്ല.
ചീയമ്പം സമരവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പേരാണ് ജയിലില്‍ കഴിഞ്ഞത്. ഐതിഹാസികമായ സമരമായിരുന്നുവത്. എന്നാല്‍ അധികാരത്തിലെത്തിയിട്ടും അത്തരം പ്രശ്‌നങ്ങളിലൊന്നും സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം പൊട്ടിമുളച്ച് പാര്‍ട്ടിയില്‍ വന്നതല്ലെന്നും, സമരത്തിന്റെ തീച്ചൂളയിലൂടെ കടന്നുവന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സി പി എമ്മിലെ പൊതുപ്രവര്‍ത്തനം പാര്‍ട്ടിയെ വളര്‍ത്താന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ജനതാല്‍പര്യത്തിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്നില്ല. എത്രയോ സി പി എമ്മുകാര്‍ വീടുകളില്‍ പ്രയാസപ്പെട്ട് കഴിയുമ്പോഴും അവരെ കൊണ്ട് പോലും പിരിവ് നടത്തിക്കാനാണ് പാര്‍ട്ടിക്ക് താല്‍പര്യം. ഓരോ ദിവസവും ഓരോ തരത്തിലുള്ള പിരിവുമായി വരികയാണ്. ഇത് മാനസികമായി ഏറെ തളര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.