കെ.എസ്. മുസ്തഫ
കല്‍പ്പറ്റ
രൂപീകരണം മുതല്‍ ഐക്യജനാധിപത്യമുന്നണിക്കൊപ്പം നിന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കും കര്‍ഷകരുള്ള മണ്ഡലത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന കര്‍ഷകദ്രോഹ നടപടികള്‍ മാത്രം മതി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് റെക്കോഡ് ഭൂരിപക്ഷം ലഭിക്കാന്‍. സംസ്ഥാനത്ത് യു.ഡി.എഫ് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷത്തില്‍ എത്ര കുറവ് വരുത്താനാവുമെന്ന ആലോചനയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. സിറ്റിംഗ് എം.പിയുടെ ഓര്‍മകള്‍ പേറി വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ഇത്തവണ സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാകുമെന്ന് തീര്‍ച്ചയാണ്.
നിരവധി പ്രത്യേകതകളുള്ള പാര്‍ലമെന്റ് മണ്ഡലമാണ് മലബാറിലെ മൂന്ന് ജില്ലകള്‍ വിധിനിര്‍ണയിക്കുന്ന വയനാട്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ മണ്ഡലം. സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല. ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ മൂന്നെണ്ണവും സംവരണം. ഭൂരിഭാഗവും മലയോര പ്രദേശങ്ങള്‍. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയിരിക്കേ സിറ്റിംഗ് എം.പിയുടെ നിര്യാണം. രൂപീകരിച്ച കാലം മുതല്‍ യു.ഡി.എഫിന് മധുരവും എല്‍.ഡി.എഫിന് കൈപ്പും സമ്മാനിച്ച തെരഞ്ഞെടുപ്പ് ഫലം. ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന മലയോര കര്‍ഷക മനസ്സ് തുടങ്ങിയവ ഇതില്‍ ചിലത്് മാത്രം.
കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നിന്നും തമിഴ്‌നാട് അതിര്‍ത്തിയായ ഗൂഡല്ലൂരില്‍ നിന്നും തുടങ്ങുന്ന മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരായ കര്‍ഷകരാണ്. പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലത്തില്‍ മണ്ണിനോടും പ്രകൃതിയോടും ഇഴചേര്‍ന്ന് ജീവിക്കുന്നവരാണ് വോട്ടര്‍മാര്‍. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, വന്യമൃഗശല്യം, വ്യോമ, ജല, റെയില്‍ ഗതാഗത സംവിധാനങ്ങളുടെ അഭാവം, രാത്രിയാത്രാനിരോധനം തുടങ്ങി മറ്റ് മണ്ഡലങ്ങളിലൊന്നുമില്ലാത്ത പ്രതിസന്ധികളാണ് വയനാട് മണ്ഡലത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാവുക. ഇത്തവണത്തെ പ്രളയം സംസ്ഥാനത്ത് വന്‍നഷ്ടങ്ങളുണ്ടാക്കിയ മണ്ഡലങ്ങളിലൊന്നും വയനാടായിരുന്നു. പ്രളയത്തില്‍ സര്‍വ്വവും തകര്‍ന്ന കൃഷിയിടങ്ങളില്‍ പ്രതീക്ഷയുടെ വിത്തെറിയാന്‍ കഴിയുന്ന യു.പി.എ സര്‍ക്കാരിനുള്ള പിന്തുണയുമായിട്ടായിരിക്കും ഏപ്രില്‍ 23ന് വോട്ടര്‍മാര്‍ പോളിംഗ് സ്‌റ്റേഷനിലെത്തുക.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടു കൂടി പിറവിയെടുത്ത വയനാട് മണ്ഡലത്തില്‍ വയനാട് ജില്ലയിലെ മാനന്തവാടി (എസ്.ടി), സുല്‍ത്താന്‍ബത്തേരി (എസ്.ടി), കല്‍പ്പറ്റ എന്നീ നിയമസഭാ മണ്ഡലങ്ങളും, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) അസംബ്ലി മണ്ഡലങ്ങളാണുള്ളത്. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ ബത്തേരിയില്‍ വന്‍വിജയം നേടിയ യു.ഡി.എഫിന് നേരിയ മാര്‍ജിനിലാണ് മാനന്തവാടി നഷ്ടമായത്. കല്‍പ്പറ്റയില്‍ യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ച ജനതാദളിലെ എം.വി. ശ്രേയാംസ്‌കുമാര്‍ തോറ്റിരുന്നു. ചുരമിറങ്ങിയാല്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറത്തെ നിലമ്പൂരും കുടിയേറ്റവോട്ടര്‍മാരാണ് വിധിയെഴുതുക. ഐക്യജനാധിപത്യമുന്നണിക്ക് സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള മലപ്പുറത്തെ ഏറനാടും വണ്ടൂരുമാണ് മറ്റ് രണ്ട് നിയമസഭാമണ്ഡലങ്ങള്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,55,786 പേര്‍ പുരുഷ വോട്ടര്‍മാരും 6,70,002 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. വയനാട് ജില്ലയില്‍ നിന്നും 5,81,245 വോട്ടര്‍മാരാണ് പട്ടികയിലുളളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍ നിയോജകമണ്ഡലത്തിലാണ് (210051). കുറവ് തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ്. 1,65,460 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ളത്. ഏറനാട് നിയോജക മണ്ഡലം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടു കൂടി പിറവിയെടുത്ത വയനാട് മണ്ഡലത്തില്‍ വിജയക്കൊടി രണ്ട് തവണയും എം.ഐ ഷാനവാസിലൂടെ യു.ഡി.എഫിനൊപ്പമായിരുന്നു. 2009ലെ കന്നി തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ എം.ഐ. ഷാനവാസിന് നല്‍കിയത്. സി.പി.ഐയിലെ അഡ്വ. എം. റഹ്മത്തുള്ളക്ക് 2,57,264 (31.23 ശ.മാ), എന്‍.സി.പിയിലെ കെ. മുരളീധരന് 99663 (12.1 ശ.മാ), ബി.ജെ.പിയിലെ സി.വാസുദേവന് 31687(3.85 ശ.മാ) വോട്ടുമാണ് പെട്ടിയില്‍ വീണത്. അഞ്ച് വര്‍ഷം കഴിഞ്ഞ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് വിജയം ആവര്‍ത്തിച്ചു. സി.പി.ഐയിലെ സത്യന്‍ മൊകേരിയെയായിരുന്നു ഇത്തവണ ഷാനവാസ് പരാജയപ്പെടുത്തിയത്. മൊത്തം പോള്‍ ചെയ്ത 9,14,015 വോട്ടില്‍ 3,77,035 വോട്ട് എം.ഐ.ഷാനവാസ് ലഭിച്ചപ്പോള്‍ സത്യന്‍ മൊകേരിക്ക് 356165 വോട്ടും കിട്ടി.
ഏഴ് മണ്ഡലങ്ങളില്‍ മാനന്തവാടി (ഒ.ആര്‍ കേളു), കല്‍പ്പറ്റ (സി.കെ ശശീന്ദ്രന്‍), തിരുവമ്പാടി (ജോര്‍ജ്ജ്.എം.തോമസ്), നിലമ്പൂര്‍ (പി.വി അന്‍വര്‍) എന്നിവിടങ്ങളില്‍ വിജയിച്ചത് എല്‍.ഡി.എഫായിരുന്നു. സുല്‍ത്താന്‍ ബത്തേരി (ഐ.സി ബാലകൃഷ്ണന്‍), വണ്ടൂര്‍ (എ.പി അനില്‍കുമാര്‍), ഏറനാട് (പി.കെ ബഷീര്‍) എന്നീ മൂന്ന് മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും നിന്നു. എന്നാല്‍ എല്‍.ഡി.എഫ് ജയിച്ച നാല് മണ്ഡലങ്ങളിലും കൂടി ലഭിച്ച ഭൂരിപക്ഷം 28902 മാത്രമാണ്. മൂന്ന് മണ്ഡലങ്ങളില്‍ മാത്രം ജയിച്ച യു.ഡി.എഫിന് 47960 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. കൂടുതല്‍ സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോഴും ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 19058 വോട്ടിന് യു.ഡി.എഫ് തന്നെയായിരുന്നു മുന്നില്‍.
അസുഖം കാരണം ഏറെക്കാലം ആസ്പത്രിയിലായിരുന്നെങ്കിലും മണ്ഡലത്തിന്റെ വികസനത്തിന് ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ ഉയര്‍ന്ന ഗ്രാഫാണ് എം.ഐ ഷാനവാസിനെ മണ്ഡലത്തിന്റെ പ്രിയപ്പെട്ട ജനപ്രതിനിധിയാക്കിയത്. ആദ്യ അഞ്ചുവര്‍ഷംകൊണ്ട് 1056 കോടിയുടെ വികസനവും രണ്ടാം ടേമില്‍ അതിലും കൂടുതല്‍ പദ്ധതികളുമാണ് എം.പി മലയോരത്തെത്തിച്ചത്. ഐക്യജനാധിപത്യ മുന്നണിയെ എക്കാലവും തുണച്ച വയനാട് പാര്‍ലമെന്റ് സീറ്റില്‍ ഇത്തവണയും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ മുഴുവന്‍ ബൂത്ത് തലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു.
എല്‍.ഡി.എഫ് ഒരു പ്രതീക്ഷയും പുലര്‍ത്താത്ത മണ്ഡലത്തില്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി സുനീറാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി, വയനാട് ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലയുള്ള നേതാവ് എന്നിവയൊക്കെയാണെങ്കിലും വയനാട്ടിലെ സി.പി.എം നേതാക്കള്‍ക്ക് പോലും പരിചിതനല്ല സുനീര്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും എം ഫോണ്‍ ഉടമ ആന്റോ അഗസ്റ്റിനായിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.