X

അനുമതിയില്ലാത്ത ടെന്റുകള്‍ നിരോധിക്കും, സഞ്ചാരികളെ താമസിപ്പിച്ചാല്‍ ഉടമകള്‍ക്കെതിരെ നടപടി

വയനാട്: റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുകയായിരുന്ന യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ കടുത്ത നടപടിയിലേക്ക് കടന്ന് ജില്ലാ ഭരണകൂടം. അനുമതിയില്ലാത്ത ടെന്റുകള്‍ നിരോധിക്കാനാണ് തീരുമാനം. വയനാട് ജില്ലാ കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെന്റുകളില്‍ അനുമതിയില്ലാതെ സഞ്ചാരികളെ താമസിപ്പിച്ചാല്‍ ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഇതുസംബന്ധിച്ച് കളക്ടര്‍ തഹസില്‍ദാറുമാരോട് വിശദമായ റിപ്പോര്‍ട്ട് തേടി.

ഇന്നലെയാണ് ദാരുണമായ സംഭവമുണ്ടായത്. മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിലെ ടെന്റില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിസോര്‍ട്ടിന് എതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്. ശുചിമുറിയില്‍ പോയി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം. ഭയന്നു വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ഉടമ പറയുന്നത്. റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്.

 

Test User: