പ്രിയങ്കാ ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതോടെ വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ ആഘര്‍ഷിക്കുകയാണ്. കേവലം ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിനേക്കാളുപരി ദേശീയ രാഷ്ട്രീയത്തില്‍ ഈ തിരഞ്ഞെടുപ്പ് ഫലം സ്യഷ്ടിക്കാന്‍ പോകുന്ന രാഷ്ട്രീയമാനങ്ങളാണ് വയനാടിനെ സവിശേഷ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. വയനാടിനൊപ്പം റായ്ബറേലിയിലും ജനവിധി തേടിയ രാഹുല്‍ ഗാന്ധിക്ക് പകരമായി രണ്ടാലൊരു മണ്ഡലത്തില്‍ പ്രിയങ്കയെത്തുമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ നേരത്തെതന്നെ കണക്കുകൂട്ടിയതാണ്. എന്നാല്‍ മതേതര ഭാരതം കാത്തിരുന്ന പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ആഗമനം വയനാട്ടിലൂടെതന്നെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. രാഹുലിനു പിന്നാലെ പ്രിയങ്കയും വയനാടിന്റെ സ്‌നേഹത്തില്‍ അലിഞ്ഞുചേരുന്നതോടെ റായ്ബറേലിയും അമേറിയുംപോലെ ഈ നാടും ഗാന്ധികുടുംബത്തിന്റെ പ്രിയപ്പെട്ടമണ്ണായിത്തീരുകയാണ്. ഇത് തന്റെ കുടുംബമാണെന്നും വയനാടിനെ താന്‍ ഒരിക്കലും വഴിയി ലുപേക്ഷിക്കില്ലെന്നുമുള്ള പാര്‍ലമെന്റ് അംഗത്വം രാജിവെച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രസ്താവന വെറുംവാക്കല്ലെന്നു തെളിയിക്കുന്നതായിരുന്നു പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്തമെങ്കില്‍ ആ വാക്കുകള്‍ എത്രമാത്രം ആത്മാര്‍ത്ഥമായിരുന്നുവെന്നതാണ് ഇന്നലത്തെ രാഹുലിന്റെ സാനിധ്യവും സംസാരവും. പാര്‍ലമെന്റില്‍ രണ്ടുപ്രതിനിധികളുള്ള രാജ്യത്തെ ഒരേയൊരു മണ്ഡലമായി വയനാട് മാറുകയാണെന്നും, പ്രിയങ്ക ഒദ്യോഗിക പ്രതിനിധിയാകുമ്പോള്‍ അനൗദ്യോഗിക പ്രതിനിധിയായി താനുമുണ്ടാകുമെന്നുള്ള ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് വയനാടന്‍ ജനത സ്വീകരിച്ചത്. സോണിയാ ഗാന്ധിക്കൊപ്പം ഗാന്ധികുടുംബത്തിലെ ഇള മുറക്കാര്‍ വരെ പ്രിയങ്കയുടെ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിനെത്തിയത് വയനാടിനോടുള്ള ആ കുടുംബത്തിന്റെ സ്‌നേഹവും നന്ദിയും വിളംബരം ചെയ്യുകയാണ്. ഒരു നിര്‍ണായക ദശാസന്ധിയില്‍ ഈ നാട് നല്‍കിയ പിന്തുണയും പിന്‍ബലവും അവര്‍ക്ക് അത്രമേല്‍ വലുതാണ്.
2019ല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ബി.ജെ.പി അതിലേക്കുള്ള ഏറ്റവും വലിയ ചുവടു വെപ്പായിക്കണ്ടിരുന്നത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നെഹ്‌റു കുടുംബത്തിന്റെ സാനിധ്യം ഇല്ലാതാക്കുക എന്നതായിരുന്നു. സിറ്റിംഗ് സിറ്റായ അമേട്ടിയില്‍ എന്തുവിലകൊടുത്തും രാഹുലിനെ തോല്‍പ്പിക്കാന്‍ തീരുമാനിച്ച ഫാസിസ്റ്റുകള്‍ ജനാധിപത്യ മര്യാദകളെല്ലാം കാറ്റില്‍പറത്തി അതിനായി കച്ചകെട്ടിയിറങ്ങുകയും ചെയ്തു. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ നാളുകളില്‍ നാലുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വയനാട് രാഹുലിനെ ചേര്‍ത്തുപിടിച്ചത്. ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തെ ഊതിക്കെടുത്താനുള്ള സംഘ്പരിവാര്‍ നീക്കത്തില്‍ നിന്നും വയനാട്ടിലൂടെ രാഹുല്‍ ആളിക്കത്തുന്നതിനും അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ബി.ജെ.പിയുടെ കോട്ട കൊത്തങ്ങളെ വിറപ്പിച്ചുകൊണ്ടിരിക്കുന്നതിനുമാണ് പിന്നീട് ജനാധിപത്യ ഇന്ത്യ സാക്ഷ്യംവഹിച്ചത്. ഈ നന്ദിയാണ് സ്വന്തം ഹൃദയംതന്നെ പകുത്തുനല്‍കിക്കൊണ്ട് രാഹുലും ഗാന്ധികുടുംബവും പ്രകടിപ്പിച്ചത്.
സോണിയാഗാന്ധിക്കുപുറമെ മല്ലിഖാര്‍ജ്ജുന ഖാര്‍ഗെയുള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഏതാണ്ടെല്ലാ നേതാക്കളും നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തില്‍ അണിനിരന്നത് ഈ ഉപതിരഞ്ഞെടുപ്പ് തുറക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പുതിയപോര്‍ക്കളത്തിലേക്കുള്ള സൂചനയാണ്. മത്സര രംഗത്തുണ്ടായിരുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാഹുല്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ സാനിധ്യമായിരുന്നു വന്‍ജനാവലിയെ ആഘര്‍ഷിപ്പിക്കുന്ന വ്യക്തിത്വത്തോടൊപ്പം മൂര്‍ച്ചയുള്ള വാക്ശരങ്ങളും അവരുടെ സവിശേഷതയായി. സാക്ഷാല്‍ നരേന്ദ്രമോദിപോലും പല തവണ ആ വാക്കുകളുടെ മൂര്‍ച്ച അറിയുകയുണ്ടായി. മോദി സര്‍ക്കാര്‍ തീര്‍ത്ത പ്രതിബന്ധങ്ങളെ അനന്യസാധാരണമായി നിശ്ചയദാര്‍ഢ്യംകൊണ്ട് അവര്‍ പ്രതിരോധിക്കുന്നതിന് രാജ്യം നിരവധി തവണ സാക്ഷ്യംവഹിച്ചു. വാക്കിലും നോക്കിലും ഇന്ദിരാ പ്രിയദര്‍ശിനിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്കാ ഗാന്ധി കൂടി പാര്‍ലമെന്റിലേക്കെത്തുന്നതോടെ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടുമെന്നകാര്യത്തില്‍ സംശയത്തിനിടയില്ല. ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാത്തതിന്റെ ജാള്യതയില്‍ അപകര്‍ഷബോധത്തോടെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രിയങ്ക ഗാന്ധിയുടെ സാനിധ്യം സൃഷ്ടിക്കു ന്ന അലോസരം ഒട്ടും ചെറുതായിരിക്കില്ല. ഇന്ത്യാ മുന്നണി കൂടുതല്‍ കെട്ടുറപ്പുള്ളതാകുന്നതിനും ഭരണപക്ഷം കൂടുതല്‍ ദുര്‍ബലപ്പെടുന്നതിനും ഈ തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യം വഹിക്കും. അതുകൊണ്ട് തന്നെ മതേതരത്വ ഇന്ത്യയുടെ അതിശക്തമായ തിരിച്ചുവരവിനുള്ള നാന്ദിയാണ് വയനാട്ടില്‍ ഇന്നലെ കുറിക്കപ്പെട്ടത്.