ഇബ്രാഹിം ശംനാട്
നമ്മുടെ ജീവിതം സങ്കീര്‍ണമാക്കുന്ന അനേകം പ്രതിഭാസങ്ങളില്‍ ഒന്നാണ് നാണയപെരുപ്പവും വിലക്കയറ്റവും. സാധാരണക്കാരന്റേയും ഇടത്തരക്കാരന്റേയും നടുവൊടിക്കുന്ന വിലക്കയറ്റം അവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. വരുമാനവും ജീവിത ചെലവും തമ്മില്‍ പൊരുത്തപ്പെടാതെ സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ ദിനേന നേരിടുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്.
അവശ്യ സാധനങ്ങളുടെ ഉത്പാദനത്തിലുള്ള കുറവ്, അസംസ്‌കൃത സാധനങ്ങളുടെ വിലവര്‍ധനവ്, അപ്രതീക്ഷിതവും വര്‍ധിത തോതിലുള്ളതുമായ നികുതി വര്‍ധനവ്, ഗള്‍ഫില്‍ നിന്നും വന്നിരുന്ന വരുമാനത്തിലുള്ള ഗണ്യമായ കുറവ്, വെള്ളപ്പൊക്കം, വരള്‍ച്ച, ചോതനവും വിതരണവും തമ്മിലുള്ള അസന്തുലിതത്വം, തുടര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന കരിഞ്ചന്തയും പൂഴ്തിവെപ്പും, ജനസംഖ്യാ വര്‍ധനവ് തുടങ്ങിയ നിരവധി കാരണങ്ങളാലാണ് നാണയപെരുപ്പവും വിലക്കയറ്റവും സംഭവിക്കുന്നത്.
സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന പ്രകൃതി വിഭവമാണ് ക്രൂഡ് ഓയില്‍. ഈ കാലഘട്ടത്തിലെ സുപ്രധാന ഊര്‍ജ്ജ സ്രോതസ് എന്ന നിലയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരേയുള്ള എല്ലാ വസ്തുക്കളിലും ക്രൂഡ് ഓയിലും അനുബന്ധ ഉത്പന്നങ്ങളും ഏതെങ്കിലും തരത്തില്‍ വിവിധാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് അനിവാര്യ ഘടകമാണ്. കാര്‍ഷിക രംഗത്തും വ്യവസായ രംഗത്തും ഒഴിച്ച് നിര്‍ത്തുക സാധ്യമല്ല. ക്രൂഡ് ഓയിലിനുണ്ടാവുന്ന അനിയന്ത്രിതമായ വിലവര്‍ധനവാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ മറ്റൊരു കാരണം.
സാധന വിലകളുടെ പൊതുനിലവാരത്തിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധനയാണ് പണപ്പെരുപ്പം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉപയോഗിക്കുന്ന സാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കുമ്പോള്‍ വിപണിയില്‍ എത്തുന്ന പണത്തിന്റെ തോത് വര്‍ധിക്കുമെങ്കിലും വസ്തുക്കളുടെ വില്‍പന കുറയും. ഇത് പണത്തിന്റെ മൂല്യതകര്‍ച്ചക്കും കച്ചവട മാന്ദ്യത്തിനും ഇടയാക്കും. നാണയപ്പെരുപ്പം കൂടുന്നതിനനുസരിച്ച് ജീവിതച്ചെലവും കൂടുമെന്നതിനാല്‍ സാധാരണക്കാര്‍ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വിലക്കയറ്റവും പണപ്പെരുപ്പവും ആഗോള പ്രതിഭാസമാണെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാറിന്റെ കൈയില്‍ മാന്ത്രിക വിദ്യയൊന്നുമില്ലെന്ന് പറഞ്ഞ് ഭരണാധികാരികള്‍ കൈയൊഴിയുന്നു. വിലക്കയറ്റം നേരിടാനുള്ള വഴികള്‍ വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന ഉപദേശം ശ്രദ്ധിക്കേണ്ടത് തന്നെ. ഉപഭോഗ സംസ്‌കാരത്തെ നിയന്ത്രിക്കുകയും കടിഞ്ഞാണിടുകയും ചെയ്യുന്നതില്‍ വീട്ടമ്മമാര്‍ എത്രമാത്രം വിജയം കൈവരിക്കുന്നുവൊ അതിലൂടെ മാത്രമേ സന്തുലിതത്വം പാലിക്കാന്‍ കഴിയൂ. സര്‍ക്കാര്‍ സഹായധനമായി ഒരു തുക നീക്കിവെക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതും താല്‍കാലികമായ മുട്ടുശാന്തി മാത്രമാണ്. 15-20 ശതമാനം നാണയപെരുപ്പം ഉണ്ടാവുമ്പോള്‍ ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ ശമ്പളത്തില്‍ കേവലം 10 ശതമാനത്തില്‍ താഴെ വര്‍ധനവ് ഉണ്ടായാല്‍ എന്ത് പ്രയോജനമാണുണ്ടാവുക?
വിലക്കയറ്റയത്തെ സ്വയം പ്രതിരോധിച്ചില്ലെങ്കില്‍, ജീവിതം താളം തെറ്റുകയും കടക്കെണിയിലകപ്പെടുകയും ചെയ്യും. മിതവ്യയം ശീലിക്കുകയാണ് അതില്‍ ഏറ്റവും പ്രധാനം. അതത് സമയത്തെ ആവശ്യത്തിന് മതിയായത് മാത്രം വാങ്ങുന്ന ശീലം പതിവാക്കുക. വരുമാനം വര്‍ധിപ്പിക്കുന്നതില്‍, വീട്ടമ്മമാര്‍ക്ക് എങ്ങനെ സഹായിക്കാന്‍ കഴിയും എന്നതിനെ കുറിച്ച് അവര്‍ ആലോചിക്കുന്നത് നന്നായിരിക്കും. അത്യാവശ്യത്തിന് മാത്രമേ നഗരങ്ങളിലേക്കും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും പോവുകയുള്ളൂ എന്ന് നിശ്ചയിക്കുകയാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു മാര്‍ഗം. നേരത്തെ തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് ആവശ്യ വസ്തുക്കള്‍ മാത്രം വാങ്ങുകയാണ് ഏറ്റവും ഉത്തമം. പരസ്യങ്ങള്‍ക്ക് ഒരിക്കലും സ്വധീനിക്കപ്പെടാതിരിക്കുകയാണ് ചെലവ് ചുരുക്കാനുള്ള മറ്റൊരു പോംവഴി. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും പെട്ട്‌പോവുന്നത്. വില വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാധനങ്ങള്‍ മല്‍സര ബുദ്ധ്യാ വാങ്ങികൂട്ടുന്നതിന്പകരം തല്‍കാലം അതിന്റെ ഉപഭോഗം പാടെ വര്‍ജ്ജിക്കുകയൊ ചുരുക്കുകയൊ ചെയ്യേണ്ടത് അനിവാര്യമാണ്.
സമൂഹത്തിലെ സ്ത്രീ ശക്തിയെ പത്ത് ശതമാനം പോലും ഉപയോഗപെടുത്താത്ത സാഹചര്യമാണ് നിലനില്‍കുന്നത്. കേവലമായ ഉപഭോക്തൃ സമൂഹത്തില്‍ നിന്ന് നേരിയ അളവിലെങ്കിലും ഉത്പാദക സമൂഹമായി വളരാന്‍ ശ്രമിച്ചേ പറ്റൂ. പഠിച്ച സ്ത്രീകള്‍ പോലും തൊഴില്‍ രംഗത്തേക്ക് പ്രവേശിക്കുന്നില്ല. ചൈനീസ് മോഡല്‍ കുടില്‍ വ്യവസായ വികസനരീതി നല്ലൊരു മാതൃകയാണ്.
ചികില്‍സ, വിദ്യാഭ്യാസം, പൊതുഗതാഗം തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ സംവിധാനം തന്നെ പരമാവധി ഉപയോഗപ്പെടുത്താന്‍ സന്നദ്ധരാവേണ്ടതുണ്ട്. സ്വയം ഉത്പാദിപ്പിക്കാനൊ കൃഷിചെയ്യാനൊ പറ്റുന്ന സാധനങ്ങള്‍ കടകളില്‍നിന്ന് പണം ചിലവഴിച്ച് വാങ്ങുന്ന ശീലം ഉപേക്ഷിക്കുകയാണ് പണപ്പെരുപ്പത്തിന്റേയും വിലക്കയറ്റത്തിന്റേയും രൂക്ഷ കെടുതിയില്‍നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു മാര്‍ഗം. വിലകയറ്റത്തെ ഭരണകൂടങ്ങള്‍ നിയന്ത്രിക്കുമെന്ന മിഥ്യധാരണയില്‍ അകപ്പെടാതെ സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കുകയാണ് ഏറ്റവും കരണീയം. അല്ലാത്തപക്ഷംകാത്തിരിക്കുന്നത് ഭയാനകനാളുകളായിരിക്കും.