ഫലസ്തീന് പതാക വീശിയതിനെ തുടര്‍ന്ന് ബീഹാറിലെ നവാഡയില്‍ 3 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഞായറാഴ്ച ധമൗള ഏരിയയില്‍ മുഹറത്തിന് മുന്നോടിയായുള്ള ഘോഷയാത്രയിലാണ് ആളുകള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പതാക ഉയര്‍ത്തിയത്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന്, പൊലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നേരത്തെ, ബീഹാറിലെ ദര്‍ഭംഗ ജില്ലയില്‍ മുഹറത്തിന് മുന്നോടിയായുള്ള ഘോഷയാത്രയില്‍ ഫലസ്തീന്‍ പതാക വീശിയതിന് 2 പേര്‍ക്കെതിരെ ബീഹാര്‍ പൊലീസ് കേസെടുത്തിരുന്നു. ജൂലൈ 9ന് യു.പിയിലെ ഭദോഹിയില്‍ ചൊവ്വാഴ്ച നടന്ന മുഹറം ഘോഷയാത്രയില്‍ ഫലസ്തീന്‍ പതാക വീശിയതിന് 20 കാരനായ ഒരു കടയുടമയെയും അറസ്റ്റ് ചെയ്തിരുന്നു.
ഫലസ്തീനെ പിന്തുണക്കുന്ന എല്ലാ നടപടികളും അടിച്ചമര്‍ത്തുന്ന രീതിയാണ് മോദി സര്‍ക്കാറിന്റേതെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ സംഭവങ്ങള്‍. ഇന്ത്യ ചരിത്രപരമായി ഫലസ്തീനൊപ്പം നില്‍ക്കുകയും അതിന്റെ സ്വയം നിര്‍ണയ ആവശ്യത്തെ പിന്തുണക്കുകയും ചെയ്തിരുന്നെങ്കിലും 2014-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം ഇസ്രാഈലിനോപ്പം നില്‍ക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ വലിയ തോതില്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. എല്ലാ ഫലസ്തീന്‍ അനുകൂല നിലപാടുകളെയും അടിച്ചമര്‍ത്തുന്ന രീതിയാണ് നിലവില്‍ കേന്ദ്രം സ്വീകരിക്കുന്നത്. ബീഹാറില്‍ അധികാരികളുടെ സമ്മതമില്ലാതെയാണ് മുഹറത്തിന് മുന്നോടിയായുള്ള ഘോഷയാത്ര നടത്തിയതെന്നും പൊലീസ് പറഞ്ഞു.