നടപടി എടുക്കാതെ ജലവിഭവ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായ പല കമ്പനികളുടെയും കുപ്പിവെള്ളങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരമില്ലെന്ന് മന്ത്രി മാത്യു.ടി.തോമസ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സ്വകാര്യ കമ്പനികള്‍ വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ജലവിഭവ വകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞു.
സ്വകാര്യ കമ്പനികള്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സ്രോതസ്സിനെക്കുറിച്ച് ഭക്ഷ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കമ്പനികള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ജലസ്രോതസ്സുകളുടെ മലിനീകരണം തടയാനും ശുദ്ധജല വിതരണം കാര്യക്ഷമമാക്കുവാനും കേന്ദ്രീകൃത ശുദ്ധീകരണ സംവിധാനം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
കിണറുകളിലും ജലസ്രോതസുകളിലും അപകടകരമായ രീതിയില്‍ കോളിഫോം ബാക്ടിരീയയുടെ സാന്നിദ്ധ്യമുണ്ടെന്ന പല പഠന റിപ്പോര്‍ട്ടുകളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇത് ആപത്കരമായ സൂചനയാണ്. മെച്ചപ്പെട്ട മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. പമ്പാ ആക്ഷന്‍ പ്ലാനിന്റെ ഫണ്ട് ലാപ്സായിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
ഭാരതപ്പുഴ, പമ്പാ, പെരിയാര്‍ എന്നീ നദികളുടെ സംരക്ഷണത്തിനുള്ള പഠനം നടന്നുവരുകയാണ്. ഇത് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് ജലം വിട്ടുകിട്ടുന്നതിന് നടപടിസ്വീകരിച്ചിട്ടുണ്ട്. കാവേരി ബേസിന്‍ നിന്ന് അനുവദിച്ച ജലം ഉപയോഗപ്പെടുത്തുന്നതിനായി അട്ടപ്പാടി ഇറിഗേഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. പദ്ധതിക്കായുള്ള പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി തേടിയിട്ടുണ്ട്. കെ.എസ്.ഇ.ബി സ്വകാര്യ സംരംഭകരില്‍ നിന്നും 1152.25 മെഗാവാട്ട് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം മണി സഭയില്‍ അറിയിച്ചു. കേരളത്തിന് പുറത്തുനിന്ന് 1065 കേരളത്തിന് പുറത്തുനിന്നും 87.25 കോടി കേരളത്തിന് അകത്തുനിന്നും വാങ്ങുന്നുണ്ട്. സ്വകാര്യസംരംഭകരില്‍ നിന്ന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കെ.എസ്.ഇ.ബിക്ക് കുടിശിക ഇനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം 2425.33 കോടി രൂപയും 2017-18 സാമ്പത്തിക വര്‍ഷം 2414.89 കോടി രൂപയും പിരിഞ്ഞുകിട്ടാനുണ്ടെന്ന് എന്‍.ഷംസുദ്ദീനെ മന്ത്രി അറിയിച്ചു.