X

ദോഹയിലേക്ക് പുറപ്പെടാനിരിക്കെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വാട്ടര്‍ ടാങ്കറിടിച്ചു

അപകടത്തെ തുടര്‍ന്ന് അടിഭാഗത്തിന് കേടുപാട് സംഭവിച്ച ക്യൂആര്‍ 540 ഖത്തര്‍ എയര്‍വെയ്‌സ് വിമാനം

കൊല്‍ക്കത്ത: നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറിടിച്ചു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു ഇരുപതോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന കൊല്‍ക്കത്ത-ദോഹ വിമാനമായ ക്യൂആര്‍ 540 ഖത്തര്‍ എയര്‍വെയ്‌സാണ് അപകടത്തില്‍പ്പെട്ടത്.

യാത്രപുറപ്പെടും മുന്നെ അപകടം തിരിച്ചറിഞ്ഞതോടെ വിമാനത്തിന്റെ നിര്‍ഗമനം നിര്‍ത്തിവെക്കുകയായിരുന്നു. വിമാനത്തിന്റെ അടിഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. 103 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്.

സംഭവത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് യാത്ര നടന്നില്ല. യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റുകയും നാളെ പുലര്‍ച്ചെ മൂന്നുമണിക്കുള്ള വിമാനത്തില്‍ ദോഹയിലേക്ക് അയക്കാനും തീരുമാനിക്കുകയായിരുന്നു.

chandrika: