തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞെന്ന് ഭൂജല വകുപ്പ്. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ ജലലഭ്യത ഗണ്യമായി കുറയുമെന്നും ഭൂജലവകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളം കൊടുംവരള്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പാണ് ഭൂജല വകുപ്പ് നല്‍കിയത്. പ്രളയ ശേഷം ഭൂഗര്‍ഭ ജലത്തിന്റെ അളവ് പകുതിയായി താഴ്ന്നു. പ്രളയത്തെ തുടര്‍ന്ന് ഉപരിതല മണ്ണ് ഒലിച്ചുപോയതാണ് ജലം ഭൂമിയിലേക്ക് താഴാന്‍ തടസ്സമായത്. കാസര്‍ക്കോടും പാലക്കാടുമാണ് രണ്ട് മീറ്ററോളം ജലനിരപ്പ് താഴ്ന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയെക്കാളും താഴെയാണ് ഭൂഗര്‍ഭ ജലവിതാനം കുറഞ്ഞിരിക്കുന്നത്.. ഭൂഗര്‍ഭജല വകുപ്പിന്റെ 756 ജലനിരീക്ഷണകേന്ദ്രങ്ങളില്‍ നിന്ന് ഫെബ്രുവരി കിട്ടിയ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. 75 സെന്റിമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് കുറവ്. ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കുറവ് കാസര്‍ക്കോട് ബ്ലോക്കിലും പാലക്കാട് മലമ്പുഴ ബ്ലോക്കിലുമാണ്. എല്ലാ വര്‍ഷവും ഇവിടങ്ങളില്‍ ജല വിതാനം താഴാറുണ്ട്. ഇത്തവണ രണ്ടിടത്തും വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ രണ്ട് മീറ്റര്‍ ജലവിതാനം താഴ്ന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് മീറ്ററിനടുത്ത് ജലവിതാനം കുറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ച് പലയിടങ്ങളിലും നടക്കുന്ന ജല ചൂഷണം അടിയന്തിരമായി തടയണമെന്ന് ഭൂഗര്‍ഭ ജലവകുപ്പ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം,കോട്ടയം എന്നിവിടങ്ങളില്‍ പക്ഷെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ജല ദുരുപയോഗം തടയാന്‍ പ്രത്യേക പദ്ധതികള്‍ക്കാണ് വകുപ്പ് രൂപം നല്‍കിയത്. പ്രശ്‌നം കൂടുതല്‍ ബാധിച്ച ജില്ലകളില്‍ മദ്യ, കുപ്പിവെള്ള കമ്പനികള്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും വകുപ്പ് അറിയിച്ചു. വ്യവസായങ്ങള്‍ക്ക് കുഴല്‍കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആര്‍ട്ടിഫിഷല്‍ റീചാര്‍ജിലൂടെ ജല അളവ് കൂട്ടുന്ന കാര്യവും പരിഗണനയിലാണ്.