പ്രളയ സാഹചര്യം രൂക്ഷമായതോടെ ദില്ലി കനത്ത ജാഗ്രതയില്‍. യമുന നദിയില്‍ ജലനിരപ്പ് ചെറുതായി രാത്രി കുറത്തെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. നാളെ ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ടാണ്.
അതേസമയം കഴിഞ്ഞ ദിവസം യമുനാ നദി കരകവിഞ്ഞതിനെതുടര്‍ന്ന് രാജ്യ തലസ്ഥാനം പ്രളയക്കെടുതിയിലായി. ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് വാഹന ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മെട്രോ, റെയില്‍ സര്‍വീസുകളേയും പ്രളയം ബാധിച്ചു. ചെങ്കോട്ട അടച്ചു.
ദുരന്ത നിവാരണ സേനയുടെ 12 കമ്പനികളെ പ്രളയ ബാധിത മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. വീടുകളില്‍ ഒറ്റപ്പെട്ടവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
ബുധനാഴ്ച രാവിലെ മുതല്‍ തന്നെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. രാത്രിയോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായി. ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം ഇരച്ചെത്തി. ഇന്നലെ ഉച്ചക്ക് ഒരു മണിയിലെ കണക്കനുസരിച്ച് യമുനയിലെ ജലനിരപ്പ് 208.62 അടിയാണ്. 42 വര്‍ഷം മുമ്പാണ് ഇതിനു മുമ്പ് ജലനിരപ്പ് ഇത്രയും ഉയര്‍ന്നത്.
ഹരിയാനയിലെ ഹാതികുണ്ട് അണക്കെട്ടില്‍ നിന്നുള്ള വെള്ളം തുറന്നു വിട്ടതാണ് മഴ മാറി നിന്നിട്ടും യമുനയില്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ താഴ്ത്തണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിയാന സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നില്ല. അതേസമയം മഴയുടെ അളവ് കുറഞ്ഞതിനെതുടര്‍ന്ന് ഇന്നലെ ഉച്ച മുതല്‍ അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം മുതല്‍ യമുനയില്‍ ജലനിരപ്പ് താഴ്ന്നേക്കുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി സര്‍ക്കാര്‍. അതേസമയം മഴ തുടരുമെന്ന മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.
രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും സംസ്ഥാന നിയമസഭയുടേയും 350 മീറ്റര്‍ വരെ അടുത്ത് വെള്ളമെത്തി. അപ്രോച്ച് റോഡുകളില്‍ വെള്ളം കയറിയിനെതുടര്‍ന്ന് യമുനാ ബാങ്ക് മെട്രോ സ്റ്റേഷനും ബ്ലൂ ലൈന്‍ മെട്രോ സ്റ്റേഷനും പൂര്‍ണമായി അടച്ചു. മെട്രോ സര്‍വീസ് തുടരുന്നുണ്ടെങ്കിലും വേഗത കുറച്ചാണ് ട്രെയിനുകള്‍ ഓടുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് അറ്റ് ഹോം അനുവദിച്ചു.