X

നീരൊഴുക്ക് കുറഞ്ഞു, മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ല

തമിഴ്‌നാട് അതിര്‍ത്തി മേഖലയിലും വൃഷ്ടിപ്രദേശത്തും മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ് ജലനിരപ്പ് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാത്തത്.

നിലവില്‍ 138.6 അടിയാണ് ജലനിരപ്പ്. സെക്കന്റില്‍ 2608 ഘന അടി വെള്ളമാണ് ഡാമിലേക്കെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് 250 ഘനയടിയായി കുറച്ചു. 142 അടിയാണ് പരമാവധി സംഭരണ ശേഷി.

അതേസമയം, തമിഴ്‌നാട്ടില്‍ മഴ തുടരുന്നു. തിരുനെല്‍വേലി, തൂത്തുക്കൂടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്. മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തിരുനെല്‍വേലി-തൂത്തുകൂടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം രാത്രിയോടെ പുന:സ്ഥാപിക്കാനാണ് ശ്രമം.

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ അടക്കം 23 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ ശ്രീ വൈകുണ്ഠത്ത് കുടുങ്ങിയ ട്രെയിനിലെ 500 യാത്രക്കാരെ ഇതുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടില്ല. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ മന്ത്രിതല സംഘം ജില്ലകളില്‍ ക്യാംപ് ചെയത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.

തിരുനെല്‍വേലി, തൂത്തുക്കൂടി ജില്ലകളില്‍ ഇന്ന് പൊതു അവധിയും തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധിയും ആണ്. 13 ജില്ലകളില്‍ മഴ മുന്നറിയിപ്പും ഉണ്ട് .അതിനിടെ ഇന്ത്യ മുന്നണി യോഗത്തിനായി ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

 

webdesk13: