കോഴിക്കോട്: സൗരോര്‍ജ്ജ പദ്ധതിയുടെ ധാരണപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കവെ പദ്ധതിയെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എം.എം മണി.കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലെ 44 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സൗരോര്‍ജ പ്രോജക്ടിന്റെ ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്താണ് ഈ സംരംഭം ചെലവേറിയതും അപ്രായോഗികവുമാണെന്ന വാദവുമായി മന്ത്രി രംഗത്തെത്തിയത്.
സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള വൈദ്യുതി ഉദ്പാദനത്തെ സ്വാഗതം ചെയ്യുമ്പോഴും ചിലവ് കൂടുതലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് എം.എം മണി പറഞ്ഞു. ഒരു മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ നാലേക്കര്‍ സ്ഥലം വേണം. ഇത് ആരുതരും. സ്ഥലം ഏറ്റെടുക്കാനുള്ള വെല്ലുവിളികള്‍ ആര്‍ക്കും മനസിലാകും. അല്ലെങ്കില്‍ പിന്നെ കല്‍ക്കരിയില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള മാര്‍ഗം നോക്കണം. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ കഴിയുന്ന എക പദ്ധതി അതിരപ്പിള്ളിയിലേതാണ്. എന്നാല്‍ അതിനെക്കുറിച്ച് പറയുമ്പോഴേ മുന്നണിക്കുള്ളില്‍ പ്രശ്‌നം, പുറത്തും പ്രശ്‌നം ഇതാണ് അവസ്ഥ. അതിരപ്പള്ളി വിഷയത്തില്‍ സമവായത്തിലൂടെ പ്രശ്‌നപരിഹാരമാണ് ഇനിയുള്ള ഏകമാര്‍ഗം. ഇത്തരം പദ്ധതികളെ എതിര്‍ക്കുന്നവര്‍ക്ക് ഒരുമണിക്കൂറെങ്കിലും ഫാനില്ലാതെയും വെളിച്ചമില്ലാതെയും നില്‍ക്കാന്‍ കഴിയുമോ? അതിരപള്ളിയിലെ വെള്ളച്ചാട്ടം പോലും കെ.എസ.്ഇ.ബിയുടെ ഉല്‍പ്പന്നമാണ്. കെ.എസ്.ഇ.ബി നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ് ഇവിടെ മനോഹരമായ വെള്ളച്ചാട്ടമുണ്ടായത്, അല്ലാതെ ഭൂമിയില്‍ നിന്നും പൊട്ടിമുളച്ചതല്ല. ഇക്കാര്യങ്ങളെങ്കിലും പദ്ധതിയെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികള്‍ മനസിലാക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സൗരോജ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷെഡിലാല്‍ സി ഗ്യാര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിക്ക് കൈമാറി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ഡി.ഫിലിപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാകലക്ടര്‍ യു.വി. ജോസ് വിശിഷ്ടാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങോട്ട്, മുക്കം മുഹമ്മദ്, പി.ജി. ജോര്‍ജ്ജ്, പി.കെ.സജിത, സുജാത മനയ്ക്കല്‍, എ.കെ.ബാലന്‍, അഹമ്മദ് പുന്നക്കല്‍, വി.ഡി. ജോസഫ്, ടി.കെ.രാജന്‍, എ.ടി. ശ്രീധരന്‍, എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് 3.5 കോടിരൂപയാണ് ജില്ലാപഞ്ചായത്ത് കെഎസ്ഇബിയില്‍ അടച്ചത്. 44 സ്‌കൂളുകളുടെയും മേല്‍ക്കൂരയില്‍ ഓണ്‍ ,ഓഫ് ഗ്രിഡ് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യൂതി ഉദ്പാദിപ്പിക്കാനാണ് പദ്ധതി. അഞ്ചുവര്‍ഷത്തേക്ക് പാനലുമായി ബന്ധപ്പെട്ട് എല്ലാവിധ അറ്റകുറ്റ പ്രവൃത്തികളും കെഎസ്ഇബിയാണ് നടത്തുക. 25 വര്‍ഷമെങ്കിലും പ്രവര്‍ത്തനക്ഷമമായ പാനലുകളാണ് സ്ഥാപിക്കുകയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.