തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് വൈദ്യുതി ചാര്‍ജ് കുത്തനെ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ വെള്ളക്കരവും വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് ചെലവ് വര്‍ദ്ധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി കഴിഞ്ഞു. ഈ അധികച്ചെലവിന്റെ പേരിലാണ് വെള്ളക്കരം കൂട്ടാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
വൈദ്യുതി ചാര്‍ജ് വര്‍ധനവുമൂലം ഉണ്ടാകുന്ന അതിക ചെലവ് കണക്കാക്കിയ ശേഷം വാട്ടര്‍ അതോറിറ്റി ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചാര്‍ജ് വര്‍ദ്ധിപ്പിക്കണ്ടതിന്റ ആവശ്യകത ബോധ്യമാക്കുകയും ചെയ്യും. റിപ്പോര്‍ട്ട് സമര്‍പ്പണത്തിനായി വാട്ടര്‍ അതോറിറ്റി പരിശോധന ആരംഭിച്ചു കഴിഞ്ഞു.
വെള്ളക്കരം കൂട്ടേണ്ടിവരുമോ എന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കി. ജല അതോറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണിതെന്നാണ് മന്ത്രിയുടെ വിശദീകരണം.
മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ആയിരം ലിറ്റര്‍ വെള്ളത്തിന് നാല് രൂപയാണ് ഈടാക്കുന്നത്. കൂടാതെ 15,000 ലിറ്റര്‍വരെ ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് സൗജന്യമായും നല്‍കുന്നു. ഇതുകൊണ്ട് തന്നെ പ്രതിവര്‍ഷം 365 കോടിരൂപയുടെ നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നതെന്നും നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാ വിഭാഗക്കാരേയും അത് എത്തരത്തില്‍ ബാധിക്കുമെന്നത് പഠിച്ചതിന് ശേഷം മാത്രമേ വര്‍ധന ഉണ്ടാകൂവെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
2009ലാണ് അവസാനമായി വെള്ളക്കരം കൂട്ടിയത്. അതിനുശേഷം നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ സാമ്പത്തിക അച്ചടക്കം കൊണ്ടുവന്നിട്ടും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ജല അതോറിറ്റി കടക്കുന്നത്.
വൈദ്യുതിക്ക് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കുന്നു
Tags: WATER