ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനദിനത്തിലും മുഹമ്മദ് സലാഹിന്റെ കുതിപ്പ്. ബ്രൈട്ടണെ ലിവര്‍പൂള്‍ നാല് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത് ഈജിപ്തുകാരന്‍. പ്രീമിയര്‍ ലീഗ് സീസമില്‍ അദ്ദേഹത്തിന്റെ 32-ാമത്തെ ഗോള്‍. ഇതോടെ സ്വര്‍ണ്ണ ബൂട്ട് അദ്ദേഹം ഉറപ്പിച്ചപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സന്‍ വെംഗറുടെ കീഴില്‍ അവസാന മത്സരത്തിനിറങ്ങിയ ആഴ്‌സണലിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ഹഡേഴ്‌സ് ഫീല്‍ഡ് ടൗണിനെയാണ് ആഴ്‌സണല്‍ കീഴടക്കിയത്. ആദ്യ പകുതിയുടെ 38-ാം മിനിറ്റില്‍ ഔബമേയങ്ങാണ് ഗണ്ണേഴ്‌സിന്റെ ഗോള്‍ നേടിയത്. അതേ സമയം ചെല്‍സിയെ അവസാന മത്സരത്തില്‍ ന്യൂകാസില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടു. ഇതോടെ ചെല്‍സി ടേബിളില്‍ അഞ്ചാമതായി. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും യൂറോപ്പ ലീഗിലേക്ക് തരം താഴ്ത്തപ്പെട്ടു. മിന്നും ഫോമില്‍ തുടരുന്ന മുഹമ്മദ് സലാഹിന്റെ ഗോളിലൂടെ ഗോള്‍ വേട്ടക്കു തുടക്കമിട്ട ലിവര്‍പൂള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബ്രൈറ്റന്‍ ആന്റ് ഹോവിനെ തോല്‍പിച്ചു. സലാഹിനു പുറമെ ലോവ്‌റന്‍, സോളാന്‍കെ, റോബര്‍ട്‌സന്‍ എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് വാറ്റ് ഫോര്‍ഡിനെ തോല്‍പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ സതാംപ്ടണെ തോല്‍പിച്ചു. മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 2-0ന് വെസ്റ്റ് ബ്രോമിനേയും തോല്‍പിച്ചപ്പോള്‍ സ്‌റ്റോക് സിറ്റി 2-1ന് സ്വാന്‍സിയേയും വെസ്റ്റ്ഹാം 3-1ന് എവര്‍ട്ടനേയും കീഴടക്കി. ഗോളുകളുടെ പെരുമഴ കണ്ട മത്സരത്തില്‍ ടോട്ടന്‍ഹാം 5-4ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. ബേണ്‍മൗത്ത് 2-1ന് ബേണ്‍ലിയെ തോല്‍പിച്ചു.