വാഷിങ്ടണ്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. കശ്മീര്‍ സംബന്ധിച്ച് യു.എന്‍ രക്ഷാസമിതിയുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടച്ചിട്ട മുറിയില്‍ നടന്ന രക്ഷാസമിതി യോഗത്തിന് ശേഷം പാകിസ്താനും ചൈനയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് യോഗം നടന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി കണ്ടു. എന്നാല്‍ പ്രത്യേക രീതിയിലും പരിഗണനയോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് രക്ഷാസമിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭീകരവാദം അമര്‍ച്ച ചെയ്യുന്നതില്‍ അവര്‍ ഇരട്ടത്താപ്പ് കാണിക്കുന്നു. കശ്മീരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തിയതില്‍ സത്യങ്ങള്‍ മറച്ചുവെച്ച് ചിലര്‍ പ്രകടിപ്പിക്കുന്ന പരിഭ്രമം അനാവശ്യമാണ്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഏറെ അകലെയാണ് അവരുടെ ഈ പരിഭ്രമം.
പാകിസ്താന്‍ ഭരണകൂടം ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുകയാണെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചക്ക് ഇന്ത്യ ഒരുക്കമാണ്. കശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം ഇന്ത്യ പടിപടിയായി നീക്കും. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ ഒപ്പുവെച്ചിട്ടുള്ള കരാറുകളെല്ലാം അംഗീകരിക്കാന്‍ തയാറാണെന്നും അക്ബറുദ്ദീന്‍ വ്യക്തമാക്കി. ഒരു രാജ്യം ഇന്ത്യയില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണച്ചത് ചൈന മാത്രമാണ്. കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ രക്ഷാസമിതി അഭിനന്ദിച്ചതാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതും മറ്റേതെങ്കിലും രാജ്യവുമായുള്ള പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതാണ്. കശ്മീര്‍ വിഷയത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
- 5 years ago
chandrika