X

മണിപ്പൂരിന്റെ മുന്നറിയിപ്പുകള്‍

പി. ഇസ്മായില്‍

മണിപ്പൂരില്‍ നിന്നും നരഹത്യയുടെയും കൂട്ടബലാത്സംഗങ്ങളുടെയും കരളലിയിപ്പിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ മൂന്ന് മാസമായി റിപ്പോര്‍ട്ട് ചെയ്യപെടുന്നത്.മെയ് മൂന്നിന് മെയ്തി,കുക്കി വിഭാഗങ്ങള്‍ തമ്മില്‍ പൊട്ടിപുറപ്പെട്ട തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും മിസോറാമിനെയും അസമിനെയും ബാധിക്കും വിധം വരെ അഭയാര്‍ഥി പ്രശ്‌നമാമായി മാറി കഴിഞ്ഞു. മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ഭരണ കൂടം മെയ്തികള്‍ക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് ഗുജറാത്ത്, കാണ്ഡമാല്‍ മോഡല്‍വംശഹത്യയിലേക്ക് മണിപ്പൂരും നീങ്ങിയത്.പട്ടാളത്തിന്റെതോക്കുകള്‍ ഉപയോഗിച്ചാണ് മെയ്തി കള്‍ കലാപം നടത്തുന്നത്. ആയുധം നഷ്ടമായിട്ടും ഇന്നോളം സര്‍ക്കാര്‍ ഭാഗത്തു നിന്നും അന്വേഷണമോ നടപടിയോഉണ്ടായിട്ടില്ല.

കാങ് പോക് പിയില്‍ അക്രമി സംഘം രണ്ടു സ്ത്രീകളെവിവസ്ത്രയാക്കി പരേഡ് നടത്തിയ വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്നു ഇരകള്‍ നടത്തിയ വെളിപെടുത്തലില്‍ പോലീസിന്റെ പക്ഷപാതം കൃത്യമായിപറഞ്ഞിട്ടുണ്ട്.കുക്കിഗോത്രവിഭാഗത്തില്‍ പെട്ട 20ഉം 40ഉം വയസ്സുള്ളയുവതികളെയാണ് അക്രമിക്കൂട്ടം നഗ്നരാക്കി പൊതു റോഡിലൂടെ പാടത്തേക്ക് വലിച്ചു
കൊണ്ടുപോയത്. ഇരുപതുകാരി പട്ടാപ്പകല്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു . അക്രമി സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ ഇരുപതുകാരിയുടെ അച്ചനെയും സഹോദരനെയും കൊന്നു കളഞ്ഞതായും അവര്‍ മാധ്യമ
ങ്ങളോട്പറഞ്ഞിട്ടുണ്ട്

.ആസാം റെജിമെന്റല്‍ സുബേദാറായി സേവനമനുഷ്ഠിക്കുകയും കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പോരാടു
കയും ചെയ്ത സൈനികന്റെ ഭാര്യയാണ്ഇരകളില്‍ ഒരാള്‍ . 2020ല്‍ രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍ എന്ന ഖ്യാതി നേടിയ നോങ്ങ് പോക് പോലീസ് സ്റ്റേഷന്റെ ഒരു കിലോമീറ്റര്‍ പരിധിയിലാണ് ദാരുണ സംഭവം നടമാടിയത് എന്ന കാര്യം രാജ്യത്ത് ഞെട്ടല്‍ ഉളവാക്കായിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് കുക്കി വിഭാഗക്കാരനായ ഡി.ജി.പി ഡൂഗംലിനെ സ്ഥാനത്ത് നിന്ന് നീക്കുകയും അതേ സമയം മെയ്തി വിഭാഗക്കാരനായ മുഖ്യമന്ത്രിയെ നിലനിര്‍ത്തിയതിലും ഭരണ കൂട വിവേചനം പ്രകടമാണ്.ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശമാണെന്നും അത് അനിശ്ചിതമായി നിയന്ത്രിക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യവും തൊഴില്‍ എടുക്കാനുള്ള അവകാശങ്ങള്‍ക്കുംഎതിരാണെന്നും കാശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധന
ത്തിനെതിരായി സുപ്രിം കോടതി നടത്തിയ വിധിയും മണിപ്പൂരില്‍ ജലരേഖയായി .യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറം ലോകം അറിയാതിരിക്കാനായി ഭരണകൂടം ഇന്റര്‍നെറ്റിന് ദിവസങ്ങളോളം വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ഗുജറാത്തില്‍ ആദിവാസികളെ വംശഹത്യക്ക് ഉപയോഗിച്ചത് പോലെ മണിപ്പൂരില്‍ സ്ത്രീകളെ വര്‍ഗീയ വല്‍ക്കരിച്ച ദയനീയ രംഗങ്ങളാണ് കാണാന്‍ കഴിയുന്നത്. മണിപ്പൂരിലെ സ്ത്രീകള്‍മയക്കു മരുന്നിനും മനു ഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ
അടരാടിയ പാരമ്പര്യ ത്തിന്റെ അവകാശികളാണ്.ബ്രിട്ടീഷ് ഭരണ കാലത്ത് അരിക്ഷാമം രൂക്ഷമായപ്പോള്‍ അരി കയറ്റുമതി പാടില്ലെന്നും അരിമില്ലുകള്‍ അടച്ചു പൂട്ടണമെന്നും ആവശ്യപെട്ട് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങി സമരം നയിച്ചു വിജയിച്ചവരാണ്. ഈ വിജയം ഓര്‍മിക്കാനായി എല്ലാ വര്‍ഷവും ഡിസംബര്‍ 12 മണിപ്പൂരില്‍ നൂപി ലാന്‍ഡ് ഡേ (സ്ത്രീ യുദ്ധങ്ങള്‍) എന്ന പേരില്‍ ആചരിക്കപെടാറുണ്ട്.

തലസ്ഥാന നഗരമായ ഇംഫാലിനടുത്ത് മാലോം എന്ന സ്ഥലത്ത് പത്തു ഗ്രാമീണരെ സൈനികര്‍ വെടിവെച്ചു കൊന്നപ്പോള്‍ അഫ്സ്പ നിയമം (ആംഡ് ഫോഴ്സ് സ്പെഷ്യല്‍ പവര്‍സ് ആക്റ്റ് 1958 )പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള നീണ്ട പതിനാറു വര്‍ഷം നടത്തിയ സഹന സമരം അവിസ്മരണീയമാണ്.2004ല്‍ അസം റൈഫിള്‍ ഉദ്യോഗസ്ഥന്‍ തങ്ജം മനോരമയെ ബലാത്സംഗം ചെയ്തു കൊലപെടുത്തിയതില്‍ പ്രതിഷേധിച്ചു സൈനിക ആസ്ഥാനത്ത് മുപ്പതോളം സ്ത്രീകള്‍ വിവസ്ത്രരായി നടത്തിയ പോരാട്ടവും ഭരണ കൂടത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. ‘ഇന്ത്യന്‍ പട്ടാളമേ ഞങ്ങളെ ബലാത്സംഗം ചെയ്യൂ’ എന്നെഴുതിയ ബാനര്‍ കൊണ്ട് അവര്‍ ഇന്ത്യന്‍ നഗ്‌നതയാണ് അന്ന് മറച്ചത്.കുക്കി, മെയ്തി വിഭാഗങ്ങളിലെ സ്ത്രീകള്‍ ഒന്നിച്ചാണ് അനീതികള്‍ക്കെതിരെ പട നയിച്ചത്. മെയ് റാ പെയ്ബികള്‍ (വിളക്കേന്തിയ സ്ത്രീകള്‍) എന്ന പേരിലാണ് സമര പോരാളികള്‍ അറിയപ്പെട്ടത്.ബലാത്സംഗ ഇരക്കു വേണ്ടി നഗ്നത സമരായുധമാക്കിയ സ്ത്രീകളെ ഇന്ന് സംഘികള്‍ നഗ്നപരേഡിന്റെ കാവല്‍ക്കാരാക്കി മാറ്റിയിരിക്കുകയാണ്. മതം കവചമാക്കിയാണ് ഫാസിസം മെയ്തി വിഭാഗത്തില്‍പെട്ട സ്ത്രീകളെ വര്‍ഗീയ വല്‍ക്കരിച്ചത്.ഗോത്ര വനിതകളെ ബലാല്‍സംഗം ചെയ്യാന്‍ ഒത്താശ ചെയ്തു കൊടുത്തവരാണ് മെയ്തി വനിതകളെന്നും അവരുമായി ഒരു തരത്തിലുള്ള ചര്‍ച്ചക്കും തയ്യാറല്ലന്നുമാണ് കുക്കി വനിതാ നേതാക്കള്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മക്ക് മുന്നില്‍ പരാതിപെട്ടത്.ഇതില്‍ നിന്നും വിഭാഗീയതയുടെ ആഴം ബോധ്യമാവും.

സാമൂഹിക നീതി പുലരണമെന്ന ഉദ്ദേശ്യത്തോടെ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം എന്ന ആശയത്തെ പോലും എങ്ങിനെ വിഭാഗീയതക്കും അത് വഴി വോട്ടുബാങ്കും ഉറപ്പിക്കാം എന്ന കര്‍ണ്ണാടകയില്‍ പയറ്റിയ തന്ത്രമാണ് ബി ജെ പി മണിപ്പൂരിലും പരീക്ഷിച്ചത് . നാല് ശതമാനം വരുന്ന മുസ്ലിം സംവരണം റദ്ദ് ചെയ്ത് ബാക്കലിഗ , ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് രണ്ട് ശതമാനം സര്‍ക്കാര്‍ ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും സംവരണം കര്‍ണ്ണാടകയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനു ചുവടൊ
പ്പിച്ചു മണിപ്പൂരില്‍ മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവിക്കായി ചരടുവലി നടത്തുകയും ഹൈക്കോടതി മുഖാന്തരം അനുകൂല വിധി സമ്പാദിക്കാനും സര്‍ക്കാരിന്കഴിഞ്ഞു.ഹൈ കോടതിക്ക് ഏതെങ്കിലും വിഭാഗത്തെ എസ്. ടി ലിസ്റ്റില്‍ ഉള്‍പെടുത്താനോ ഒഴിവാക്കാനോ നിര്‍ദേശിക്കാന്‍ അധികാരമില്ല എന്ന സുപ്രിം കോടതിയുടെ തീരുമാനം ബലി കഴിച്ചാണ് ഹൈകോടതിയുടെ സിംഗിള്‍ ബെഞ്ചും സര്‍ക്കാരും ഒത്തു കളിച്ചത്.മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി കിട്ടിയാല്‍ കുക്കികള്‍ക്ക് ഭരണഘടന ആര്‍ട്ടിക്കിള്‍371(സി)പ്രകാരം ഉറപ്പു നല്‍കുന്ന സ്വയം ഭരണാവകാശം നഷ്ടമാവും. 370ാംവകുപ്പ് റദ്ദ് ചെയ്തു കാശ്മീരിലെ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തതിനു സമാനമായി മണിപ്പൂരിലും ഖനനത്തിലൂടെകോടികളുടെ ലാഭകൊയ്ത്തും ധ്രുവീകരണത്തിലൂടെ നിയമസഭയില്‍ ഭരണസ്ഥിരതയും ലക്ഷ്യം വെച്ചുള്ള നീക്കമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്.

ജപ്പാനിലെ ഹിരോഷിമയില്‍ ജി 7 ഉച്ചകോടി നടക്കുന്നതിനിടയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നിശ്ചയിച്ച സമയത്തി
നേക്കാളും ഒരു ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപെട്ടു. പ്രളയവും പേമാരിയും മൂലം 14 പേര്‍ മരണപ്പെട്ടു
വെന്നും എന്റെ സാന്നിധ്യം അനിവാര്യമാണെന്നുമാണ് പ്രധാനമന്ത്രി മടക്ക യാത്ര സംബന്ധിച്ച് ഉച്ച
കോടിയില്‍പറഞ്ഞത്.

നൂറ്റി അറുപത് പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരം പേര്‍ അഭയാര്‍ത്ഥികളായി മാറുകയും ഇരുന്നൂറിലേറെ ക്രൈസ്തവ ദേവാലയ
ങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്ത കലാപം നടക്കുമ്പോഴാണ് പ്രധാനമന്ത്രി മോദി അമേരിക്കയിലേക്കും ഫ്രാന്‍സിലേക്കും യാത്ര തിരിച്ചത്. മണിപ്പൂരില്‍ സന്ദര്‍ശിച്ചില്ലെന്നു മാത്രമല്ല തന്നെ കാണാന്‍ വന്ന നിവേദക സംഘത്തിനു പോലും മുഖം കൊടുക്കാതെ മാറി നടക്കുകയായിരുന്നു.എഴുപത്തി ഒന്‍പതു ദിവസത്തിന് ശേഷമാണ് മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വാ തുറന്നത്. അതും നഗ്‌നതാ പരേഡിന്റെ വീഡിയോ പുറം ലോകം അറിഞ്ഞ ജാള്യതയിലും ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ സുപ്രീം കോടതി തയ്യാറായതിനും ശേഷമാണ് പ്രതികരണത്തിന് പ്രധാനമന്ത്രി നിര്‍ബന്ധിതനായത്. മുപ്പതു സെക്കന്‍ഡില്‍ താഴെ സമയം മാത്രമാണ് അദേഹം സംസാരിച്ചത്. പാര്‍ലിമെന്റിലും ഒളിച്ചു കളി തുടരുകയാണ്. പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് അവിശ്വാസ പ്രമേയത്തിനും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഭരണഘടന അവകാശങ്ങള്‍ റദ്ദ് ചെയ്ത് സംസ്ഥാനങ്ങളെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുമെന്നും ജനാധിപത്യ വ്യവസ്ഥകള്‍ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുമെന്നും മണിപ്പൂര്‍ നല്‍കുന്ന മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണേണ്ടതും പ്രതിഷേധങ്ങള്‍ ഉയരേണ്ടതും അനിവാര്യമാണ്.

webdesk11: