X

നിപയെ പേടിച്ച് വവ്വാലുകളെ വേട്ടയാടി ഭയപ്പെടുത്തുന്നത് രോഗം വ്യാപിക്കാന്‍ കാരണമാവുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: നിപയെ പേടിച്ച് വവ്വാലുകളെ വേട്ടയാടി ഭയപ്പെടുത്തുന്നത് രോഗം വ്യാപിക്കാന്‍ കാരണമാവുമെന്ന് മുന്നറിയിപ്പ്. നിപ വൈറസ് ശരീരത്തിലുള്ള വവ്വാലുകളില്‍ ഭീതിയോ സമ്മര്‍ദ്ദമോ ഉടലെടുത്താല്‍ മാത്രമാണ് വൈറസ് പുറത്തുവരികയെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും വവ്വാലുകളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ ബാധിക്കുന്നതാണ് മനുഷ്യരിലേക്ക് രോഗം പടരാന്‍ ഇടയാക്കുന്നത്.

വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുകയോ വവ്വാലുകളുള്ള മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുതെന്നും വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വവ്വാലുകള്‍ കടിച്ചതോ അവയുടെ വിസര്‍ജ്ജ്യം കലര്‍ന്നതോ ആയ പഴങ്ങള്‍ ഭക്ഷിക്കുകയോ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങള്‍ക്ക് കീഴില്‍ വളര്‍ത്തു മൃഗങ്ങളെ മേയാന്‍ അനുവദിക്കരുത്.

ഭക്ഷണം കിട്ടാതെ വലഞ്ഞ് നാട്ടിലെത്തുന്ന വവ്വാലുകളിലാണ് വൈറസിന്റെ സാന്ദ്രത കൂടുതലുണ്ടാവുക. അത്തരം വവ്വാലുകളുടെ മൂത്രം, ഉമിനീര് എന്നിവയിലൂടെ വൈറസ് പുറന്തള്ളും. വവ്വാലുകളില്‍ നിന്ന് പഴങ്ങളിലൂടെയും മൃഗങ്ങളിലൂടെയും മനുഷ്യശരീരത്തിലേക്കെത്താം. വനനശീകരണവും പുഴകയ്യേറ്റവുമൊക്കെ എത്രമാത്രം രോഗബാധക്കു വഴിവയ്ക്കുന്നുണ്ടെന്നതു സംബന്ധിച്ച് വിശദമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം സമീപ പ്രദേശത്തെ വനങ്ങളിലാണ് നിപ വാഹകരായ വവ്വാലുകളുളളത്.

കമുകുകളും തെങ്ങുകളും നിറഞ്ഞ പ്രദേശമാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച കള്ളാട് പ്രദേശം. 2018ല്‍ സൂപ്പിക്കടയില്‍ വൈറസ് ബാധിച്ച് മരിച്ചവര്‍ക്ക് ആവുക്കടയില്‍ സ്ഥലമുണ്ടായിരുന്നു. ചെറിയ കുന്നിന്‍ചെരുവുപോലുള്ള സ്ഥലത്ത് നിരവധി മരങ്ങള്‍ മൂടിയ നിലയിലായിരുന്നു. അവിടെ കമുകുകളുമുണ്ട്. ഒരു പഴയ കിണറ്റില്‍ നിരവധി വവ്വാലുകളും ഉണ്ടായിരുന്നു. അതേവര്‍ഷം രോഗം സ്ഥിരീകരിച്ച പാഴൂരിലെ കുട്ടിയുടെവീടും കുന്നിന്‍ ചെരുവിലായിരുന്നു. പുഴയോട് ചേര്‍ന്ന് കൃഷിയിടവും അവര്‍ക്കുണ്ടായിരുന്നു.

പുഴക്ക് എതിര്‍ വശത്ത് മരത്തില്‍ വവ്വാലുകള്‍ കൂട്ടമായി തങ്ങുകയും രാത്രികാലങ്ങള്‍ ജനവാസമേഖലയിലേക്ക് എത്തുകയും ചെയ്യുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കോഴിക്കോട്ട് നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. 2018ലും 2021ലും നിപ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളുടെ പരിസ്ഥിതിക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത കള്ളാടും.
കുറ്റ്യാടിപ്പുഴയുടെ തീരത്ത് ജാനകിക്കാട് ഇക്കോടൂറിസം മേഖലയുടെ രണ്ടു വശങ്ങളിലാണ് 2018ല്‍ നിപ സ്ഥിരീകരിച്ച സൂപ്പിക്കടയും ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ച കള്ളാടും. ഇരു സ്ഥലങ്ങളിലും മൂന്നു കിലോമീറ്റര്‍ അകലെയായാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ഫലവൃക്ഷങ്ങള്‍ ഏറെയുള്ള ജാനകിക്കാട്ടില്‍ നിരവധി വവ്വാലുകളുണ്ട്. എന്നാല്‍, തുടരെ നിപ ആക്രമണവും ഭീതിയും ആവര്‍ത്തിക്കുമ്പോഴും ശരിയായ പഠനത്തിനും പ്രതിരോധത്തിനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുമില്ല.

webdesk11: