മുഖ്യമന്ത്രി പിണറായി വിജയന്റേയും എല്‍.ഡി.എഫിന്റെയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് തൃക്കാക്കര ഫലമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം.മഹാമാരിയുടേയും പ്രളയക്കെടുതിയുടേയും കാലത്തെ ജനങ്ങളുടെ ദുരിതം ചൂഷണം ചെയ്ത ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ അത്യന്തം നീചമായ മതധ്രുവീകരണത്തിന് നേതൃത്വം നല്‍കി 99 സീറ്റ് നേടി ഭരണത്തിലേറിയാല്‍ എന്ത് നെറികേടും കാണിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും എല്‍.ഡി.എഫിന്റെയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് തൃക്കാക്കര ഫലം അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ജയിച്ച് കയറാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണ മെഷിനറിയും മന്ത്രിപ്പടയും രാവും പകലും വിശ്രമമില്ലാതെ ആഴ്ചകളോളം ക്യാമ്പ് ചെയ്തിട്ടും ജനം ഇടത്പക്ഷത്തെ തളളിക്കളഞ്ഞു എന്നാണ് ഫലം വ്യക്തമാക്കുന്നത്. ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാവും എന്നതടക്കം യുഡിഎഫ് ഉയര്‍ത്തിയ പ്രചരണ അജണ്ടകളില്‍ ജനം ആരുടെ കൂടെയാണെന്നതിനുള്ള ഉത്തരം കൂടിയാണ് ഉപതെരഞ്ഞെടുപ്പ് റിസള്‍ട്ട് അദ്ദേഹം പറഞ്ഞു.
പ്രചാരണത്തിന് ചുമതലപ്പെടുത്തിയ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും വരെ മതവും ജാതിയും തരം തിരിച്ച് വോട്ടര്‍മാരുടെ വീട് കയറാന്‍ നിര്‍ദ്ധേശം നല്‍കി മതസാമുദായിക അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിച്ച ഇടത് വര്‍ഗീയതക്ക് പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കിയ താക്കീത് കൂടിയാണ് ഇത്. ഇടത് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ പ്രചരിച്ച വിവാദ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായത് ലീഗ് പ്രവര്‍ത്തകനാണെന്ന പച്ചക്കളളം തെരഞ്ഞെടുപ്പ് ദിനത്തില്‍ വാര്‍ത്തയാക്കിയാലെങ്കിലും തൃക്കാക്കരയില്‍ കരകയറാമെന്ന ഇടതിന്റെ അവസാന പ്രതീക്ഷയും തകര്‍ന്നു തരിപ്പണമായിരിക്കുന്നു.തങ്ങളുടെ വര്‍ഗീയ സോഷ്യല്‍ എഞ്ചിനീയറിംഗിനേക്കാള്‍ കരുത്തുറ്റതാണ് കേരളത്തിന്റെ മതേതര മനസ്സെന്ന് ഇനിയെങ്കിലും സി.പി.എം മനസ്സിലാക്കണം.തൃക്കാക്കരക്ക് നന്ദി അദ്ദേഹം ഫേസ്ബുക്കില്‍ പ്രതികരിച്ചു.