X

വാര്‍ഡ് വിഭജനം നിയമക്കുരുക്കിലേക്ക്; കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ കോടതിയില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനെതിരെ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നടപടികള്‍ നിയമക്കുരുക്കിലേക്ക്. എട്ടു മുനിസിപ്പാലിറ്റികളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍ കൂടി അഡ്വക്കറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലെയും തെങ്കര ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമൂദ് അള്ളാംകുളം, അബ്ദുല്‍ സമദ് പി പി, പാലക്കാട്ട് ജില്ലയിലെ തെങ്കര പഞ്ചായത്ത് മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് ഫൈസല്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതിയില്‍ എത്തിയത്. കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍, മട്ടന്നൂര്‍ നഗരസഭകളിലെയും കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 18ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായുള്ള വാര്‍ഡ് വിഭജന നടപടികള്‍ ബാധകമാവില്ല എന്ന് കണ്ടെത്തിയാണ് 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്. 2011ലെ സെന്‍സസ് അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തളിപ്പറമ്പ്, ആന്തൂര്‍, തെങ്കര എന്നിവ. മേല്‍ വിധിയുടെ ആനുകൂല്യം 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകള്‍ക്കും തെങ്കര ഗ്രാമപഞ്ചായത്തിനും ബാധകമാക്കണമെന്ന് ആവശ്യപെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാറിനും ഡിലിമിറ്റേഷന്‍ കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 8ന് വീണ്ടും പരിഗണിക്കും.

ഇതിനുപുറമേ വലിയ പഞ്ചായത്തുകള്‍ വിഭജിക്കാതെ വാര്‍ഡുകള്‍ വിഭജിക്കുന്നതിനെതിരെ 2015ല്‍ രൂപീകരിക്കുകയും പിന്നീട് ഹൈക്കോടതി ഇടപെടല്‍ മൂലം രൂപീകരണം റദ്ദാക്കപ്പെടുകയും ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ പഞ്ചായത്ത് അടിയന്തിരമായി രൂപീകരിക്കണമെന്നും അതിന് ശേഷം മാത്രമേ ചിറയന്‍കീഴ്, അഴൂര്‍, കഠിനംകുളം തുടങ്ങിയ പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം നടത്താന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളായ നിസാര്‍ എ, ഫസില്‍ ഹഖ്, സജീബ് കെ ഇസഡ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ സര്‍ക്കാരിനോടും,തെരഞ്ഞെടുപ്പ് കമ്മീഷനോടും നിലപാടറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം ആവശ്യം ഉന്നയിച്ച് ഫയല്‍ ചെയ്ത കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിന്റെ കേസിനോടൊപ്പം ഈ കേസ് ജനുവരി പതിനാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

webdesk18: