X
    Categories: Morenews

വാര്‍ഡ് വിഭജനം;സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു;പി.എം.എ സലാം

തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന പ്രക്രിയയില്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ജനാധിപത്യക്കശാപ്പാണ് നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ കരട് വിജ്ഞാപനത്തില്‍ വ്യാപകമായ ക്രമക്കേടാണുള്ളത്. വാര്‍ഡ് പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ്ഗരേഖ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള കരട് വിഭജന റിപ്പോര്‍ട്ടാണ് മിക്കയിടത്തും തയ്യാറാക്കപ്പെട്ടത്.

സി.പി.എം ഓഫീസില്‍ നിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് സെക്രട്ടറിമാരില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണുണ്ടായത്. അതിനാല്‍ തന്നെ കരട് വിജ്ഞാപന പ്രകാരമുള്ള അതിരുകളുടെ വ്യക്തത അന്വേഷിക്കുന്നവര്‍ക്ക് മുമ്പില്‍ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ അതിരുകള്‍ വിചിത്രമായ രീതിയില്‍ വളച്ചൊടിച്ചും അതിര്‍ത്തിക്കപ്പുറമുള്ള കെട്ടിടങ്ങളെ കൂട്ടിച്ചേര്‍ത്തും ജനങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിന് പോലും പ്രയാസമുണ്ടാക്കുന്ന രീതിയില്‍ ദൈര്‍ഘ്യമേറിയ നിലയിലുമാണ് വാര്‍ഡുകളുടെ പുനര്‍നിര്‍ണ്ണയം നടത്തിയത്. ഡിജിറ്റല്‍ മാപ്പിലും വ്യാപകമായ കൃത്രിമം നടത്തിയിട്ടുണ്ട്.

ഡീലിമിറ്റേഷന്‍ പ്രക്രിയയുടെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പരാതികളില്‍ കൃത്യമായ അന്വേഷണവും തിരുത്തലും വരുത്തിയില്ലെങ്കില്‍ ജനാധിപത്യത്തിന് വലിയ കളങ്കമുണ്ടാക്കുന്ന നടപടിയായിക്കുമിത്. അതിനാല്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ താഴെതട്ടില്‍ നടക്കുന്ന പ്രക്രിയ നിരീക്ഷിക്കാന്‍ തയ്യാറാകണം. പരാതികളില് നടക്കുന്ന പരിശോധനയുടെ കൃത്യത ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറും സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനും ഉറപ്പാക്കണം. അല്ലാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടും.

പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപീകരണമായിരുന്നു ജനം ആഗ്രഹിച്ചത്. അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ വാര്‍ഡുകളുടെ എണ്ണം മാത്രം വര്‍ദ്ധിക്കുന്ന നടപടി തന്നെ അനാവശ്യമാണ്. ആര്‍ട്ടിക്കിള്‍ 243സിക്ക് വിരുദ്ധമായ നടപടിയാണിത്. ഇതിനെതിരെ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

webdesk13: