തായ്‌പേയ് സിറ്റി: രാജ്യത്തെ പ്രധാന ദ്വീപ് ആക്രമിക്കുന്നതിന് ചൈന മുന്നൊരുക്കങ്ങള്‍ നടത്തുന്നതായി തായ്‌വാന്‍ പ്രതിരോധമന്ത്രാലയം. കടലിടുക്കില്‍ ചൈനീസ് വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് ചൈന ഡമ്മി ആക്രമണം നടത്തിയതായി തായ്‌വാന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ചൈനീസ് പ്രകോപനങ്ങളോട് അതേ ഗൗരവത്തില്‍ തായ്‌വാനും പ്രതികരിച്ചതോടെ പ്രദേശം യുദ്ധഭീതിയിലാണ്. ചൈനയുടെ സൈനികാഭ്യാസ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ തായ്‌വാന്‍ സൈന്യവും മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് ചൈന നിലപാട് കടുപ്പിച്ചത്.
അതിനിടെ, തായ്‌വാന്റെ മിസൈല്‍ വികസന പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ റിസര്‍ച്ച് ഡവലപ്‌മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി തലവന്‍ ഔ യാങ് ലി ഹസിങ്ങിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
സൈന്യത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചുങ്ഷാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഉപമേധാവിയാണ് ഹസിങ്. ഔദ്യോഗിക ആവശ്യത്തിനു വേണ്ടിയാണ് ഔ യാങ് പിങ്ടുങ് നഗരത്തിലേക്ക് പോയതെന്നാണ് പ്രാഥമിക വിവരം. തായ്‌വാന്റെ മിസൈല്‍ പദ്ധതികളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്ന ചുമതല ഈ വര്‍ഷം ആദ്യമാണ് ഇദ്ദേഹം ഏറ്റെടുത്തത്.