X

ഇസ്‌ലാമിന്റെ തരംഗം കെടുത്താന്‍ ആശയ യുദ്ധമോ- പി. മുഹമ്മദ് കുട്ടശ്ശേരി

പി. മുഹമ്മദ് കുട്ടശ്ശേരി

ലോകത്തുടനീളം ഒരു ഇസ്‌ലാമിക തരംഗം ദൃശ്യമാണിന്ന്. പാശ്ചാത്യലോകത്താണ് അതിന്റെ വ്യാപനം കൂടുതല്‍ ശക്തിയില്‍ പ്രകടമാവുന്നത്. യാതൊരു നിയന്ത്രണങ്ങള്‍ക്കും വഴങ്ങാതെ സോഷ്യല്‍ മീഡിയകള്‍ ഇന്ന് വീടിന്റെ അകത്തളങ്ങളെ കീഴടക്കിയിരിക്കുകയാണ്. വായിക്കരുത്, കാണരുത്, കേള്‍ക്കരുത് എന്നീ വിലക്കുകള്‍ക്കൊന്നും ഇന്ന് ഒരു വിലയുമില്ല. മനുഷ്യന്‍ അവര്‍ക്ക് താല്‍പര്യമുള്ളതെല്ലാം ആസ്വദിക്കുന്നു. ഈ വഴിക്കാണ് സ്ത്രീകള്‍ ഇസ്‌ലാമിന്റെ സൗന്ദര്യം കണ്ടെത്തുന്നത്. ലോകം ഇസ്‌ലാമിനെ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ തടസം ഇന്ന് ഈ മതത്തിന്റെ അനുയായികള്‍ തന്നെ. അമേരിക്കയില്‍ ഇസ്‌ലാം അത്ഭുതകരമാംവിധം മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് അമേരിക്കന്‍ വ്യാപാര കേന്ദ്രത്തിന്റെ നേരെയുള്ള അതി നീചമായ ആക്രമണമുണ്ടായത്. ഇസ്‌ലാമിനെ പറ്റി തെറ്റിദ്ധാരണ പരത്തുന്ന പല തീവ്രവാദ പ്രസ്ഥാനങ്ങളും ഇന്ന് ലോകത്ത് പ്രവര്‍ത്തിക്കുന്നു, ഇവര്‍ ജിഹാദ് എന്ന പേരില്‍ നടത്തുന്ന ഓരോ മനുഷ്യത്വരഹിത പ്രവര്‍ത്തനവും യഥാര്‍ഥത്തില്‍ ഇസ്‌ലാമിനു നേരെയുള്ള ആക്രമണമായാണ് പരിണമിക്കുന്നത്.

എന്നാല്‍ ഇതിനേക്കാള്‍ വലിയ ആശയപരമായ ഒരാക്രമണത്തെ നേരിടുകയാണ് ഇന്ന് ഇസ്‌ലാം. മുസ്‌ലിം ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കില്‍ ഇവിടെ മുസ്‌ലികളുടെ നിലനില്‍പിന്തന്നെ ഭീഷണി ഉയരുന്ന സാഹചര്യമാണിന്ന്. ഒരു ഭാഗത്ത് അവരുടെ ജീവനും സ്വത്തും പാര്‍പ്പിടങ്ങളും നശിപ്പിക്കപ്പെടുകയും അവര്‍ പിറന്ന മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്നു. മറുഭാഗത്ത് അവര്‍ക്ക് പ്രതികൂലമായി ബാധിക്കുന്ന പല നിയമങ്ങളും ആവിഷ്‌കരിക്കപ്പെടുന്നു. മുസ്‌ലികള്‍ എവിടെനിന്നോ വന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തരാണെന്ന മട്ടിലാണ് അവരുടെ നേരെയുള്ള സമീപനം. ഇന്ത്യയില്‍ പൊതുവേ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിശേഷിച്ചും മാര്‍ക്‌സിസ്റ്റ് യുക്തിവാദ ചിന്തകള്‍ മുസ്‌ലികള്‍ക്കിടയില്‍ ശക്തമായി പ്രചരിപ്പിക്കുകയാണിന്ന്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെപോലെ പ്രത്യേക വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ഒരു പ്രസ്ഥാനമാണ് മാര്‍ക്‌സിസം. മുമ്പ് അതിനെതിരില്‍ ശക്തമായി നീങ്ങിയിരുന്ന മത നേതാക്കളും മത സംഘടനകളുമെല്ലാം ഇന്ന് അര്‍ഥഗര്‍ഭമായ ഒരു മൗനമാണ് പാലിക്കുന്നത്. ഈ ശാന്തമായ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികളിലും യുവ ജനങ്ങളിലുമെല്ലാം മാര്‍ക്‌സിസത്തിന്റെ മതവിരുദ്ധ ദര്‍ശനവും സംസ്‌കാരവും പ്രചരിപ്പിക്കുകയാണ്.

യുക്തിവാദം ഒരു ആഗോള പ്രസ്ഥാനമാണ്. അതും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധം സുവ്യക്തമാണ്. ഇതിന്റെ വാക്താക്കളുടെ വീക്ഷണത്തില്‍ മതങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകരമായത് ഇസ്‌ലാമാണ്. കാരണം അതിന്റെ ആശയങ്ങളും നിയമങ്ങളും ആധുനിക യുഗത്തിന് അനുയോജ്യമായതാണ്. അതുകൊണ്ട്തന്നെ ഇസ്‌ലാമിനെ അപരിഷ്‌കൃതരായ അറബികളെ ഉദ്ധരിക്കാന്‍ മുഹമ്മദ് കൊണ്ടുവന്ന ഒരു പദ്ധതിയായി അവര്‍ ചിത്രീകരിക്കുന്നു. ഖുര്‍ആന്‍ അവര്‍ക്കുവേണ്ടി എഴുതപ്പെട്ട ഗ്രന്ഥവും. ഖുര്‍ആനെപ്പറ്റി അത് അവതരിക്കപ്പെട്ട കാലത്ത് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് അന്നു തന്നെ ഖുര്‍ആന്‍ മറുപടി നല്‍കിയിട്ടുണ്ട്. ഏത് കാലത്തേക്കും പ്രായോഗികമായ ശാശ്വതനിയമങ്ങളാണ് ഇതിലുള്ളത്. ഖുര്‍ആന്‍ വ്യക്തമാക്കിയ പ്രകൃതി രഹസ്യങ്ങള്‍ ശാസ്ത്രത്തിന് വിരുദ്ധമല്ല. ഖുര്‍ആന്‍ പ്രഖ്യാപിച്ച ശാസ്ത്ര സത്യങ്ങള്‍ മനുഷ്യന്റെ കണ്ടുപിടുത്തങ്ങളുമായി എവിടെയും ഏറ്റുമുട്ടിയിട്ടില്ല. അല്ലാഹു പറയുന്നു: വിദൂര മേഖലകളിലും നിങ്ങളുടെ സ്വന്തം ശരീരങ്ങളില്‍ തന്നെയുമുള്ള നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്ക് കാണിച്ചുകൊടുക്കും. അപ്പോള്‍ ഇത് സത്യമാണെന്ന് അവര്‍ക്ക് ബോധ്യമാവും ഖുര്‍ആന്‍ പ്രഖ്യാപിച്ച ഈ പ്രക്രിയ മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം തുടരുക തന്നെ ചെയ്യും.

മുഹമ്മദ് നബിയുടെ കാലത്തെ സമൂഹമല്ല ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ രംഗത്തും മാറിക്കഴിഞ്ഞു. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ രംഗത്തും വൈദ്യശാസ്ത്ര മേഖലകളിലുമെല്ലാം വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് മാത്രമാണ് നിയമനിര്‍മ്മാണം ആവശ്യമായത്. യാതൊരു പരിതസ്ഥിയിലും മാറ്റമില്ലാത്ത ശാശ്വത നിയമങ്ങള്‍ അങ്ങനെത്തന്നെ തുടരും. എന്നാല്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് നിയമം നിര്‍മ്മിക്കുന്ന പണ്ഡിതന്‍ അതിന് വൈജ്ഞാനികമായ അര്‍ഹതയുള്ളവനായിരിക്കണം. കഴിഞ്ഞ നൂറ്റാണ്ടുകളിലെല്ലാം ഇത്തരം പണ്ഡിതന്മാര്‍ ഉയര്‍ന്നുവരികയും പ്രശ്‌നങ്ങള്‍ക്ക് വിധികള്‍ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക കാലഘട്ടത്തിലും മക്ക കേന്ദ്രീകരിച്ച് ലോക മുസ്‌ലിംകളുടെ പണ്ഡിതന്മാരുടെ വേദികള്‍ പ്രവര്‍ത്തിക്കുന്നു. പണ്ഡിതന്മാര്‍ ഗവേഷണം നടത്തി വിധികള്‍ പ്രസ്താവിച്ച ചില പ്രശ്‌നങ്ങള്‍ മാതൃകക്കായി ഇവിടെ ഉദ്ധരിക്കട്ടെ.

അഴുക്കുവെള്ളം ശുദ്ധീകരിച്ചു അത് പ്രാര്‍ഥനക്കു മുന്നുള്ള അംഗശുദ്ധിക്കും കുളിക്കും ഉപയോഗിക്കല്‍, മാനഭംഗത്തിന് ഇരയാകുന്ന സ്ത്രീ അവളുടെ ഗര്‍ഭം എന്തുചെയ്യണം, ഒരു സ്ത്രീക്ക് വിദ്യാഭ്യാസ ആവശ്യാര്‍ഥം ഗര്‍ഭധാരണം തടയല്‍ അല്ലെങ്കില്‍ ഗര്‍ഭം അലസിപ്പിക്കല്‍, ആറു മാസം പകലും ആറുമാസം രാത്രിയുമായ പ്രദേശങ്ങളിലെ നോമ്പും പെരുന്നാളും, മാരകമായ പകര്‍ച്ചവ്യാധിക്കു വിധേയനായ മുസ്‌ലിമിന്റെ മൃതദേഹം ദഹിപ്പിച്ചാല്‍ പിന്നെ മരണ ശേഷക്രിയകള്‍ എങ്ങനെ, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍, ചാവേര്‍ ആക്രമണത്തെ ജിഹാദായി കണക്കാക്കല്‍, ഇസ്‌ലാം സ്വീകരിച്ചവന്റെ ചേലാകര്‍മ്മം നടത്തല്‍, ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശ സാധുക്കള്‍ക്ക് വിതരണം ചെയ്യല്‍, ഗോളശാസ്ത്ര കണക്കനുസരിച്ചുള്ള മാസനിര്‍ണയം, ലോകത്തെവിടെയെങ്കിലും മാസപ്പിറവി ദൃശ്യമായാല്‍ അതനുസരിച്ച് മറ്റു രാജ്യക്കാര്‍ നോമ്പും പെരുന്നാളും സ്വീകരിക്കല്‍ ഇവ ചില മാതൃകകള്‍ മാത്രം. ഇവയുടെ മത വിധികളില്‍ എല്ലാ പണ്ഡിതന്മാരും ഏകാഭിപ്രായക്കാരാകണമെന്നില്ല. ഇസ്‌ലാം അപ്രായോഗികവും പഴഞ്ചനുമായ ഒരു മതമാണെന്ന ആരോപണത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുക മാത്രമാണിവിടെ. മാറിയ ഈ പരിഷ്‌കൃത ലോകത്തിന് അനുയോജ്യമായ ദര്‍ശനമാണ് ഇസ്‌ലാം എന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.

Test User: