കാബൂള്‍: ഐഎസും താലിബാനും അഫ്ഗാനില്‍ അക്രമം അഴിച്ചു വിടുന്നു. ഇതോടെ രാജ്യം വീണ്ടും യുദ്ധമുഖത്തേക്ക്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സും താലിബാനും ചേര്‍ന്ന് അക്രമം ആരംഭിച്ചത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഇരു തീവ്രവാദ ഗ്രൂപ്പുകളും രണ്ട് ദിവസമായി ശക്തമായ വെടിവെയ്പ്പ് നടത്തുന്നതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
കിഴക്കന്‍ നംഗര്‍ഹാറില്‍ ഇന്നലെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ഡ്രോണുകള്‍ ഇവിടെ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. ഒളിച്ചിരുന്ന തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സൈനികര്‍ വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് ഖോഗ്യാനി, ഷര്‍സാദ് ജില്ലകളിലെ ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അത്തൗല്ല ഖോഗ്യാനി പറഞ്ഞു. അക്രമം നിലനില്‍ക്കുന്ന മേഖലയില്‍ തീവ്രവാദ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യുന്നതിനായി സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമം ശക്തമായതോടെ നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും , ചിലര്‍ക്ക് ഗുരുതരമായ പരുക്കുകളാണ് സംഭവിച്ചിരിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
സംഘര്‍ഷ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ച ജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര സഹായം നല്‍കുന്നുണ്ട്. പണം, ടെന്റുകള്‍, ഭക്ഷ്യ വസ്തുക്കള്‍, തുടങ്ങി അടിയന്തരമായി ആവശ്യമുള്ള മരുന്നുകളും സര്‍ക്കാര്‍ എത്തിച്ചു നല്‍കുന്നുണ്ട്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഷര്‍സാദ്, ഖോഗ്യാനി, ഹസറാക്ക് എന്നീ ജില്ലകള്‍ തന്ത്രപ്രധാന മേഖലകളാണ്. ലോജര്‍ പ്രവിശ്യയോടും, തലസ്ഥാനമായ കാബൂളിനോടും ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണിത്. ഏപ്രില്‍ മാസത്തില്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലെ മലനിരകളില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ തുരങ്ക നിര്‍മ്മാണത്തിനെതിരെ അമേരിക്കന്‍ സൈന്യം മാസിവ് ഓര്‍ഡിനന്‍സ് എയര്‍ ബ്ലാസ്റ്റ് ബോംബ് പ്രയോഗിച്ചിരുന്നു.
ലോജര്‍ പ്രവിശ്യയിലും ഇത്തരത്തില്‍ നടന്ന അക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും, പ്രവിശ്യാ ഡെപ്യൂട്ടി പൊലീസ് മേധാവി ബോംബ് സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും ലോജര്‍ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സലിം സാലി പറഞ്ഞു. അഫ്ഗാന്‍ സുരക്ഷാ സേനക്കെതിരായി രാജ്യത്തുടനീളം ഐഎസും സ്‌റ്റേസും താലിബാനും നിരന്തരം ആക്രമണങ്ങള്‍ നടത്തുകയാണ്.