X
    Categories: keralaNews

ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനയുടെ അഞ്ച് ഏക്കര്‍ വഖഫ്ഭൂമി നഷ്ടപ്പെടുന്നു

കോഴിക്കോട്: പിണറായി സര്‍ക്കാറിന്റെ മുഖമുദ്ര വഖഫ് കൊള്ളയായി മാറുകയാണെന്നും ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുമെന്നും കേരള വഖഫ്‌ബോര്‍ഡ് അംഗങ്ങളായ പി.വി.അബ്ദുല്‍ വഹാബ് എം.പി, എം.സി മായിന്‍ഹാജി, പി.ഉബൈദുള്ള എം.എല്‍.എ, അഡ്വ.പി.വി.സൈനുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. അധികാരമേറ്റയുടനെ അന്യാധീന വഖഫുകള്‍ തിരിച്ച് പിടിക്കുമെന്ന് പ്രഖ്യാപിച്ച് നിയമന അധികാരം പോലും കവരാന്‍ നുണ പ്രചരിപ്പിച്ച മന്ത്രിയുടെ കാര്‍മ്മികത്വത്തിലാണ് ചെറുതുരുത്തി വഖഫ് കൊള്ള. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട മന്ത്രി വഖഫ് വിറ്റഴിക്കലും അന്യാധീനപ്പെടലും വകുപ്പ് മന്ത്രിയായി തരം താഴരുതെന്നും ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനയുടെ സമ്പത്ത് പിടിച്ചുപറിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.കോഴിക്കോട്: പിണറായി ഭരണത്തില്‍ വഖഫ് സ്വത്തുകള്‍ നഷ്ടപ്പെടല്‍ തുടരുന്നു. കാസര്‍കോടിനും ചെറായിക്കും പിന്നാലെ തൃശൂര്‍ തലപ്പള്ളി താലൂക്കിലെ ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനക്ക് അവകാശപ്പെട്ട വഖഫ് സ്വത്താണ് ചോദ്യചിഹ്നമാവുന്നത്.
1978 മെയ് 12 ന് മുസ്‌ലിങ്ങളുടെ മതപരവും ധാര്‍മ്മികവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അന്നത്തെ യതീംഖാന കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുതല്‍ പേര്‍ക്ക് കോയാമു ഹാജി എഴുതി കൊടുത്ത വള്ളത്തോള്‍ നഗറിലെ അഞ്ചേക്കര്‍ ഭൂമിയാണ് നിയമ ലംഘനം നടത്തി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേരള കലാ മണ്ഡലത്തെ സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിന് ഏറ്റെടുക്കുവാന്‍ വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍, സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗമാണ് തീരുമാനിച്ചത്. കാസര്‍കോട് എം.ഐ.സി വക ഭൂമി കോവിഡ് ആശുപത്രിക്കായി ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും അതു പാലിക്കാത്തതിനാല്‍ വിഷയം നിയമ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. എറണാകുളത്തെ ചെറായി ബീച്ചിലെ ഫാറൂഖ് കോളജിന് അവകാശപ്പെട്ട 506 ഏക്കര്‍ ഭൂമിയില്‍ അന്യാധീനപ്പെടുത്തി കൈവശം വെക്കുന്നവരില്‍ നിന്ന് നികുതി സ്വീകരിക്കുവാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത പിണറായി സര്‍ക്കാറിന്റെ തിട്ടൂരത്തിനെതിരെ ഹൈക്കോടതി തന്നെ ഇടപെട്ടിട്ടുണ്ട്. അതിനിടെയാണ് ബന്ധപ്പെട്ട വഖഫ് സ്ഥാപനമോ, വഖഫ് ബോര്‍ഡോ അറിയാതെയാണ് നിലവിലുള്ള കേന്ദ്ര വഖഫ്‌നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനയുടെ അഞ്ചേക്കര്‍ കണ്ണായ ഭൂമി കൈമാറുന്നത്. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടത്തിയ ശേഷമാണ് ബന്ധപ്പെട്ട സ്ഥാപനം പോലും ഇതറിയുന്നത്.
അവരോട് ചോദിക്കുക പോലും ചെയ്യാതെ തന്നിഷ്ടപ്രകാരം വഖഫ് വിറ്റഴിക്കല്‍ മന്ത്രിയാണ് ചരടുവലി നടത്തിയത്. ഫാറൂഖ് കോളജിന്റെ ചെറായി ബീച്ചിലെ ഭൂമിക്ക് അന്യരില്‍ നിന്ന് നികുതി സ്വീകരിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം കേരള ഹൈക്കോടതി തടഞ്ഞിരിക്കയാണ്. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച് ക്രിയാത്മക നടപടികള്‍ സ്വീകരിച്ച കണ്ണൂര്‍ ജില്ലയിലെ പാലാപ്പറമ്പ് വഖഫും രാഷ്ട്രീയമായ അട്ടിമറി നടത്തി നിയന്ത്രണങ്ങള്‍ നീക്കുന്നതിന് അണിയറയില്‍ കളമൊരുങ്ങുന്നുണ്ട്.

 

Chandrika Web: