X

വഖഫ്; ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സന്ദീപ് വാര്യര്‍

വഖഫ് സ്വത്തുക്കള്‍ അനര്‍ഹര്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന 2014 ലെ ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തുറന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇപ്പോള്‍ മുനമ്പം വഖഫ് പ്രശ്‌നത്തില്‍ നേരെ എതിരായ അഭിപ്രായമാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നതെന്നും ഇത് ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നേടാന്‍ വേണ്ടിയാണെന്നും സന്ദീപ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 2014ലെ പ്രകടന പത്രികയിലെ പ്രസക്ത ഭാഗവും ചേര്‍ത്താണ് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ:

വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് ബിജെപിയുടെ ഇരട്ടത്താപ്പ് പരിഹാസ്യമാണ്. 2014 ബിജെപി പ്രകടനപത്രിയില്‍ വകഫ് ബോര്‍ഡ് ശക്തമാക്കുമെന്നും നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ ഊര്‍ജ്ജസ്വലമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപി പറയുന്നത് 2013ലെ ഭേദഗതി തെറ്റാണ് എന്നാണ്.

2013ല്‍ പ്രതിപക്ഷത്തുണ്ടായിരുന്നപ്പോള്‍ ബിജെപി ഇത് സംബന്ധിച്ചു എന്തെങ്കിലും രാഷ്ട്രീയമായ പ്രക്ഷോഭം നടത്തിയോ? പത്തുവര്‍ഷക്കാലം ഭരണത്തില്‍ ഉള്ളപ്പോള്‍ എപ്പോഴെങ്കിലും ഈ നിയമഭേദഗതി ആവശ്യമാണെന്ന് തോന്നിയില്ലേ? അന്ന് ഈ നിയമ ഭേദഗതിയെ എന്തുകൊണ്ടാണ് ബിജെപി എതിര്‍ക്കാതിരുന്നത്? മുനമ്പത്ത് പോയി നിയമഭേദഗതി ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ വരുമെന്ന് അറിയിച്ച വി മുരളീധരന്‍ ഇപ്പൊ ആരായി?

ജെപിസിയുടെ കാലാവധി വീണ്ടും നീട്ടിക്കൊടുത്ത് ചാണക്യന്‍ തടിയെടുത്തു. ചന്ദ്രബാബുവും നിതീഷും പാലം വലിച്ചാല്‍ നിയമഭേദഗതി നടപ്പിലാകില്ലെന്നത് കോമണ്‍സെന്‍സ് . പക്ഷേ ഭക്തര്‍ ചാണക്യന്‍ വാക്കു മാറ്റിയ വിവരം അറിയാത്ത മട്ടാണ്. മതം പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കുന്ന വിഷലിപ്ത രാഷ്ട്രീയത്തിന് കേരളത്തില്‍ നേതൃത്വം കൊടുക്കുന്നത് സിപിഎമ്മും പിണറായി വിജയനുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സിജെപിയെ കേരളം തൂത്തെറിയുക തന്നെ ചെയ്യും.

ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇതോടൊപ്പം നല്‍കുന്നു. ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് വായിച്ചു നോക്കാം. വഖഫ് ബോര്‍ഡിനെ ശക്തിപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം അവസാനിപ്പിക്കാന്‍ വേണ്ടെന്ന് നടപടികള്‍ സ്വീകരിക്കുമെന്നും അച്ചടിച്ചു വച്ചിട്ടുണ്ട്.

 

webdesk17: