X

വഖഫ് സംരക്ഷണം: ചരിത്രമെഴുതി മുസ്‌ലിം ലീഗ്; വിജയം കണ്ടത് നിസ്വാര്‍ത്ഥ സമരവീര്യം

തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശ പോരാട്ടങ്ങളില്‍ വീണ്ടും വിജയകിരീടം ചൂടി മുസ്‌ലിം ലീഗ്. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കമടക്കം മതസ്ഥാപനങ്ങളില്‍ കൈകടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് നടത്തിയ ഒരു വര്‍ഷത്തിലേറെ നീണ്ട പ്രക്ഷോഭമാണ് ഇന്നലെ ഫലംകണ്ടത്. 2021 നവംബര്‍ ഒന്‍പതിന് നിയമസഭ പാസാക്കിയ വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ഭേദഗതികള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്ക് പിന്നാലെയായിരുന്നു സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വഖഫ് നിയമത്തിലും കത്തിവെച്ചത്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് കവര്‍ന്നെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് നൂറുകണക്കിന് പ്രതിഷേധക്കൂട്ടായ്മകള്‍ സംഘടിപ്പിച്ചും ആറു തവണ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പ്രതിഷേധം അറിയിച്ചും നിവേദനങ്ങള്‍ നല്‍കിയും ഈ വിഷയത്തില്‍ മുസ്‌ലിം ലീഗ് നടത്തിയ പോരാട്ടം ഇനി ചരിത്രരേഖ.

ബില്ലിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചതു മുതല്‍ മുസ്‌ലിം ലീഗ് വഫഖ് സംരക്ഷണ പോരാട്ടം ആരംഭിച്ചിരുന്നു. ആദ്യം നിയമസഭക്ക് അകത്തുനിന്നാണ് തുടങ്ങിയത്. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നിയമഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ നിയമസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിക്കുന്നതിന് അനുമതി തേടി. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സ്വകാര്യബില്‍ സര്‍ക്കാര്‍ അംഗീകരിച്ച് നിയമനിര്‍മാണം നടത്തണമെന്ന് ഷംസുദ്ദീന്‍ ആവശ്യപ്പെട്ടിരുന്നു. 2021ലെ ‘കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വീസുകള്‍ സംബന്ധിച്ച് കൂടുതല്‍ ചുമതലകള്‍ നിയമം’ റദ്ദാക്കണമെന്നാണ് ബില്ലിലൂടെ ആവശ്യപ്പെടാനിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമനങ്ങള്‍ വഖഫ് ബോര്‍ഡിന്റെ ചുമതലയില്‍ നടത്തുമ്പോള്‍ കേരളത്തില്‍ മാത്രം അത് ബോര്‍ഡില്‍ നിന്നും എടുത്തുകളയുന്നത് അനീതിയാണെന്നും ഷംസുദ്ദീന്‍ നിയമസഭയില്‍ പറഞ്ഞു.തുടര്‍ന്ന് ബില്‍ സഭയുടെ പരിഗണനക്ക് വന്നപ്പോള്‍ ഷംസുദ്ദീന്‍ തന്നെ തടസവാദമുന്നയിച്ചു. മുസ്‌ലിം ലീഗിലെ എല്ലാ എം.എല്‍.എമാരും സഭയില്‍ നിയമഭേദഗതിക്കെതിരായി ശബ്ദമുയര്‍ത്തി. ബില്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ലീഗ് സഭയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

2021 ഡിസംബര്‍ ഒന്‍പതിന് കോഴിക്കോട് കടപ്പുറത്ത് ജനസാഗരം സൃഷ്ടിച്ച് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയോടെയാണ് വിഷയം പൊതുസമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയ റാലി, വിവിധ മുസ്‌ലിം സംഘടനകളെ രംഗത്തിറക്കാനും പ്രേരണയായി. റാലിക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുന്ന സാഹചര്യമുണ്ടായെങ്കിലും ‘വഖഫ് നിയമഭേദഗതി പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം’ എന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാനമാണ് പിന്നീട് ആയിരങ്ങള്‍ അണിനിരന്ന സെക്രട്ടറിയേറ്റ് ധര്‍ണ, ജില്ല, മണ്ഡലം തലങ്ങളിലെ പ്രതിഷേധം എന്നിങ്ങനെ പടര്‍ന്നുപന്തലിച്ചത്. സമരങ്ങള്‍ വിജയം കാണുമ്പോള്‍ പാര്‍ട്ടിക്കും നേതൃത്വത്തിനും ഇത് അഭിമാന നിമിഷം.

വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായ സാഹചര്യത്തില്‍ ബില്ലില്‍ വരുന്ന മാറ്റങ്ങള്‍ റദ്ദാക്കുകയാണ് അടുത്ത ഘട്ടം. ഇതിനായി മറ്റൊരു ബില്ല് തയാറാക്കേണ്ടതുണ്ട്. മാറ്റം വരുത്തേണ്ട വ്യവസ്ഥകള്‍ ഒഴിവാക്കി, പുതിയ ബില്ലിനായുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കും. തുടര്‍ന്ന് വരുന്ന ഒക്‌ടോബറിലോ അതിനുശേഷമോ ചേരുന്ന സഭാസമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ച് പാസാക്കിയേക്കും.

 

Chandrika Web: