X

വഖഫ് സംരക്ഷണ പ്രക്ഷോഭം ശക്തിപ്പെടുത്തും: മുസ്ലിംലീഗ്

തിരുവനന്തപുരം: വഖഫ് സംരക്ഷണ പ്രക്ഷോഭം റമസാന് ശേഷം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പി.എസ്.സി നിയമനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമരം തുടരും.

കെ റെയിലിന്റെ പേരില്‍ പൊലീസ് നടത്തുന്ന നരനായാട്ടില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. മനുഷ്യത്വ വിരുദ്ധവും ജനദ്രോഹപരവുമായ സര്‍ക്കാര്‍ നയത്തെ യോഗം അപലപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ എന്ന പ്രമേയത്തില്‍ റമസാന്‍ ഒന്ന് മുതല്‍ ഒരു മാസക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായും ഓണ്‍ലൈനിലാണ് പ്രവര്‍ത്തന ഫണ്ട് ശേഖരിക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളെ ഉടന്‍ സജ്ജമാക്കണമെന്നും ധനശേഖരണം വന്‍ വിജയമാക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി ഉന്നതാധികാര സമിതി യോഗം പ്രഖ്യാപിച്ചത് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഉന്നതാധികാര സമിതി അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, പി.എച്ച് അബ്ദുസലാം ഹാജി, സി.പി ബാവ ഹാജി, സി.എ.എം.എ കരിം, കെ.ഇ അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, സി.പി ചെറിയ മുഹമ്മദ് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി നന്ദിയും പറഞ്ഞു.

Test User: