X

വഖഫ് ബോര്‍ഡ് സംരക്ഷണം: മുസ്‌ലിംലീഗ് നിയമസഭാ മാര്‍ച്ച് 17ന്

കോഴിക്കോട്: വഖഫ് ബോര്‍ഡിന്റെ കവര്‍ന്നെടുത്ത അധികാരം തിരിച്ചു നല്‍കണമെന്നു ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് തുടര്‍ പ്രക്ഷോഭത്തിന്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.എസിക്ക് വിട്ടത് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് മാര്‍ച്ച് 17ന് തിരുവനന്തപുരം നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നു സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് കടപ്പുറത്തെ മഹാസമ്മേളന ശേഷം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലെ സംഗമങ്ങള്‍ക്ക് ശേഷമാണ് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രവര്‍ത്തക സമിതി കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയാതെ പോയ ഇതുപോലൊരു കാലം മുമ്പുണ്ടായിട്ടില്ലെന്നും വിലയിരുത്തി. നേരത്തെ മുഖം മിനുക്കാന്‍ ചില നടപടികള്‍ കൈകൊണ്ടിരുന്നെങ്കിലും ഒരു ഫലവും ഉണ്ടായില്ല. കേരളത്തില്‍ എല്ലായിടത്തും കൊലപാതകങ്ങളും അക്രമ സംഭവങ്ങളും നിര്‍ബാധം തുടരുകയാണ്. പൊലീസിന് മേലുള്ള എല്ലാ നിയന്ത്രണവും ആഭ്യന്തര വകുപ്പിന് നഷ്ടപ്പെട്ടിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായതുപോലെയാണ് കാര്യങ്ങള്‍. കൊലയും ഗുണ്ടാ അക്രമവും ഇല്ലാത്ത ദിവസങ്ങള്‍ ഇല്ലെന്നായിരിക്കുന്നു. കേരളത്തിലെ ജനം ഭീതിയിലാണ്. പൊലീസിനെ നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും പ്രാപ്തിയുളള ഒരാള്‍ക്ക് വകുപ്പ് കൈമാറി പിണറായി വിജയന്‍ ആഭ്യന്തരം രാജിവെക്കണം.

ധൃതിപിടിച്ച് കെ റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഉള്ളുതുറന്നൊരു ചര്‍ച്ചക്ക് പോലും അവസരം നല്‍കാതെ കേന്ദ്ര അനുമതിയോ വ്യക്തതയുളള ഡി.പി.ആറോ ഇല്ലാതെ മുന്നോട്ടു പോകുകയാണ്. പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന സാമൂഹ്യ ആഘാതം സൃഷ്ടിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കില്ല.

യൂണിവേഴ്‌സിറ്റികള്‍ കുത്തഴിഞ്ഞപ്പോള്‍ പരീക്ഷകള്‍ അനിശ്ചിതമായി നീണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം നഷ്ടപ്പെടുന്ന അവസ്ഥയാണ്. മാര്‍ക്ക് ലിസ്റ്റിനു പോലും കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്നത് അവസാനിപ്പിക്കണം. സംവരണ തത്വം പോലും അട്ടിമറിച്ച് ഇഷ്ടക്കാരെ പ്രതിഷ്ടിക്കുന്നതിന്റെ ദുരന്തമാണിത്. രണ്ടു സ്വാശ്രയ സ്ഥാപനം സമം ഒരു എയ്ഡഡ് കോളജ് എന്ന തത്വത്തില്‍ എ.കെ ആന്റണി സര്‍ക്കാര്‍ നയം സ്വീകരിച്ചപ്പോള്‍ അക്രമോത്സുക സമരം നടത്തിയവര്‍ക്ക് രണ്ടു പതിറ്റാണ്ടിനു ശേഷം ബുദ്ധി ഉദിച്ചത് സ്വാഗതാര്‍ഹമാണ് പി.എം.എ സലാം പറഞ്ഞു.

Test User: