സാമ്പത്തിക സംവരണം, ന്യൂനപക്ഷവകുപ്പ്, ന്യൂനപക്ഷധനകാര്യകോര്‍പറേഷന്‍, മുസ്്‌ലിം വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്, പൗരത്വ നിയമഭേദഗതി സമരക്കാര്‍ക്കെതിരായ കേസുകള്‍ തുടങ്ങി മുസ്‌ലിംകളുമായി ബന്ധപ്പെട്ട സര്‍വവിഷയങ്ങളിലും സി.പി.എമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നയം പ്രസ്തുത സമുദായത്തിന്റെ വിശ്വാസസംഹിതകള്‍ക്കും മതേതരത്വത്തിനും നേര്‍വിപരീതമാണെന്നത് നിഷേധിക്കാനാവാത്ത അവസ്ഥയാണിന്ന്. ഇക്കാര്യത്തില്‍ ബി.ജെ.പിയും സംഘ്പരിവാരവുമായി ഒരുതരത്തിലുള്ള മല്‍സരത്തിലാണിന്ന് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി. ആദ്യകാലത്തൊക്കെ പൊതിഞ്ഞായിരുന്നു മുസ്‌ലിം വിരുദ്ധതയെങ്കില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കുറേക്കൂടി പച്ചയ്ക്കുതന്നെയാണ് മുസ്‌ലിം വിരുദ്ധത ഇപ്പോള്‍ മറനീക്കി പുറത്തെടുത്തിരിക്കുന്നത്. അതിലേറ്റവും ഒടുവിലത്തേതാണ് നവംബര്‍ 9ന് പിണറായിസര്‍ക്കാര്‍ നിയമസഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയെടുത്ത കേരളസ്റ്റേറ്റ് വഖഫ്‌ബോര്‍ഡ് നിയമനബില്‍. വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.എസിക്ക് വിടുകയാണെന്നാണ് ബില്ലില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. 112 പേരാണ് ബോര്‍ഡില്‍ ജീവനക്കാരായുള്ളത്. ഇവരുടെ നിയമനം ഭരണഘടനാസ്ഥാപനമായ പി.എസ്.സിക്ക് വിടുന്നതോടെ ജനങ്ങളില്‍നിന്ന് മിടുക്കരെ നിയമിക്കാന്‍ കഴിയുമെന്നുമാണ് മന്ത്രി വി. അബ്ദുല്‍റഹ്മാന്‍ ബില്ലവതരിപ്പിച്ച് അവകാശപ്പെട്ടത്. മുസ്‌ലിംകളെ മാത്രമേ നിയമിക്കൂ എന്നും മന്ത്രി പറയുന്നു. രാജ്യത്ത് മുസ്‌ലികള്‍ക്ക് മാത്രമായി ഇതുവരെയും പ്രത്യേക റിക്രൂട്‌മെന്റ് വ്യവസ്ഥ അനുവദിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ പി.എസ്.സിക്ക് ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിനുത്തരമില്ല. ഇതിനെതിരെ പ്രതിപക്ഷവും വിശിഷ്യാ മുസ്‌ലിംലീഗ് അംഗങ്ങളും എല്ലാമുസ്‌ലിം സംഘടനകളും ശക്തമായിത്തന്നെയാണ് പ്രതിഷേധുമായി രംഗത്തിറങ്ങിയിരിക്കുന്നത്. നിയമനടപടികളിലേക്കും മുസ്‌ലിംലീഗ് നീങ്ങിക്കഴിഞ്ഞു. 2017ലെ ഇതേ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ നിയമമായിരിക്കുന്നത്. സര്‍ക്കാര്‍ പത്തു തവണയോളം ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കിയത് യു.ഡി.എഫ് നിയമിച്ച ഭരണസമിതിയെ മറികടക്കാന്‍ വേണ്ടിയാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ബില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കുന്നതോടെ വൈകാതെ നിയമമാകും. ഇതോടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം അതിദാരുണമാംവിധം അട്ടിമറിക്കപ്പെട്ടതുപോലെ കേരളത്തിലെ മുസ്‌ലിംകളുടേതായ മറ്റൊരു സവിശേഷസംവിധാനംകൂടി പൊതുധാരയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്.
1995ലെ കേന്ദ്ര നിയമത്തിലും 2013ലെ ഭേദഗതി നിയമത്തിലുമെല്ലാം മുസ്‌ലിംകള്‍ മാത്രമാകണം വഖഫ്‌സ്വത്തുക്കളും വഖഫ്‌ബോര്‍ഡുകളും കൈകാര്യംചെയ്യേണ്ടതെന്ന് എടുത്തുപറയുന്നു. ഇതനുസരിച്ചുതന്നെയാണ് രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും വഖഫ്‌ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. മുസ്‌ലിം ആരാധനാലയങ്ങളുടെയും മദ്രസകളുടെയും ഭരണവും സാമ്പത്തികവുമായി ബന്ധപ്പെട്ടതും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളും തര്‍ക്കങ്ങളുമാണ് വഖഫ്‌ബോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നത്. ചെയര്‍മാനുള്‍പ്പെടെയുള്ള സ്വതന്ത്രഭരണസംവിധാനമാണതിന്. സര്‍ക്കാരുകള്‍ മാറിവരുമ്പോള്‍ ഭരണനേതൃത്വം മാറാറുണ്ടെങ്കിലും പൊതുവില്‍ സര്‍വവിഭാഗത്തിലുംപെട്ട മുസ്‌ലിംകളുടെ വിഷയങ്ങളാണ് ബോര്‍ഡില്‍ നിര്‍വഹിക്കപ്പെടാറ്. എന്നാല്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ മാത്രം ഇത്തരത്തിലൊരു നിയമവുമായി ഇറങ്ങിത്തിരിച്ചതിന്റെ യുക്തിയെന്തെന്ന ചോദ്യത്തിന് അതിനുപിന്നില്‍ അന്യത്ര വിശേഷിപ്പിച്ച വൈരനിര്യാതനബുദ്ധിയും വര്‍ഗീതയുമാണെന്ന ്പറയേണ്ടിവരും. ഭരണഘടനാവിരുദ്ധമാണിത്. കേരളത്തിലെ സമാനരീതിയില്‍ ഹൈന്ദവമത വിശ്വാസികള്‍ കൈകാര്യംചെയ്യുന്ന ദേവസ്വം ബോര്‍ഡുകള്‍ ഇപ്പോഴും അതത് വിശ്വാസികളും അവയിലെ നിയമനങ്ങള്‍ പ്രത്യേക റിക്രൂട്ടിങ് ബോര്‍ഡുകള്‍ മുഖാന്തിരവുമാണ്. പൊതുമേഖലാസ്ഥാപനങ്ങളായ മലബാര്‍സിമന്റ്‌സ് പോലുള്ളവയിലെ നിയമനവും അതത് സ്ഥാപനങ്ങള്‍ നേരിട്ടാണ് നടത്താറ്. പതിനായിരക്കണക്കിന് അധ്യാപകരെ സര്‍ക്കാര്‍ ശമ്പളത്തില്‍ നിയമിക്കുന്നതും അതത് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളാണ്. ഏറ്റവും കുറഞ്ഞത് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിലെങ്കിലെങ്കിലും അതത് മതവിശ്വാസികളെയും സ്ഥാപനങ്ങളെയും നിയമനാധികാരം ഏല്‍പിക്കുകയല്ലേ ബുദ്ധിയും ന്യായവും. സ്ഥിരനിയമനങ്ങളെല്ലാം പി.എസ്.സിക്ക് വിടുന്നതാണ് ഇടതുസര്‍ക്കാരിന്റെ നയമെങ്കില്‍ എന്തുകൊണ്ട് അത് വഖഫ്‌ബോര്‍ഡിന് മാത്രമായി ബാധകമാക്കുന്നു?
ഈവക ചോദ്യങ്ങള്‍ക്കൊന്നും വിശ്വാസയോഗ്യമായ ഉത്തരംതരാന്‍ ഇതുവരെയും വകുപ്പുമന്ത്രിക്കും സര്‍ക്കാരിനും സി.പി.എമ്മിനും ഇവരെ പിന്താങ്ങുന്ന കക്ഷികളുടെ നേതാക്കള്‍ക്കും കഴിഞ്ഞിട്ടില്ല. അതേസമയം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ നുണകളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയുമാണിവര്‍. അതിലൊന്നാണ് ആദരണീയനായ പാണക്കാട് കുടുംബത്തെപോലും നുണപ്രചാരണത്തിനായി ദുരുപയോഗിച്ചുകൊണ്ടുള്ള മുന്‍മന്ത്രിയും സി.പി.എം സഹയാത്രികനുമായ കെ.ടി ജലീലിന്റെ പ്രസ്താവന. 2016 ജൂലൈ19ന് വകുപ്പുമന്ത്രിയുടെയും വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലിതങ്ങളുടെയും നേതൃത്വത്തില്‍ ചേര്‍ന്ന വഖഫ്‌ബോര്‍ഡുമായി ബന്ധപ്പെട്ട യോഗം ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിരുന്നു എന്നും അതിനെ ചെയര്‍മാനും മുസ്‌ലിംലീഗ് അംഗവും പിന്തുണച്ചുവെന്നുമാണാ പച്ചക്കള്ളം. പ്രസ്തുത യോഗത്തില്‍ തീരുമാനത്തെ എതിര്‍ത്തിരുന്നതായി റഷീദലിതങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ തെറ്റായ പ്രസ്താവന ഇറക്കിയതിന് മുന്‍മന്ത്രിയും സര്‍ക്കാരും മാപ്പുപറയുകയാണ് വേണ്ടത്. ഇതിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ വിലാസം കക്ഷികള്‍ രംഗത്തുവന്നതിനെ അവരുടെ ഗതികേടെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ. സാമ്പത്തികസംവരണം നടപ്പാക്കിയപ്പോള്‍ സംവരണത്തിന് പുറത്തെ 50 ശതമാനത്തില്‍നിന്ന് മാത്രമേ സാമ്പത്തിക സംവരണം നടപ്പാക്കാവൂ എന്നിരിക്കെ മൊത്തം തസ്തികയില്‍നിന്ന് സാമ്പത്തികസംവരണം നടത്തിയ സര്‍ക്കാര്‍ നടപടിയിപ്പോള്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്. പി.ജി മെഡിക്കല്‍ സീറ്റുകളില്‍ കേന്ദ്രം നിശ്ചയിച്ച ഒ.ബി.സി സംവരണം നടപ്പാക്കിയത് എത്രയോ കുട്ടികളുടെ ഭാവി തുലച്ചശേഷവും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്‌ലിം സംവരണം അട്ടിമറിച്ച് ഉത്തരവിറക്കിയശേഷമാണ് അതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയത്. ഭൂരിപക്ഷവോട്ടുബാങ്ക് ഉറപ്പിക്കുകയും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയും അതുവഴി അധികാരമുറപ്പിക്കുകയും മാത്രമാണ് ഇതിനുപിന്നിലെ ഒളിയജണ്ട.