വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ തീരുമാനം തിരുത്തുന്നത് വരെ സമരം തുടരാനാണ് മുസ്ലിംലീഗ് തീരുമാനമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വളരെയേറെ പരിശുദ്ധവും, പരിപാവനവുമായ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ട വിഷയം ഒട്ടേറെ തവണ പൊതു സമൂഹ മധ്യത്തില്‍ ചര്‍ച്ചക്ക് വിധേയമായതാണ്. എന്തിനാണ് ഇങ്ങനൊരു തീരുമാനം കൈകൊണ്ടത് എന്നതില്‍ സര്‍ക്കാറിന് തന്നെ വ്യക്തതയില്ല. പരസ്പര വിരുദ്ധമായ ന്യായങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വരുന്നത്. മുഖ്യമന്ത്രി ഒന്ന് പറയുമ്പോള്‍ വകുപ്പ് മന്ത്രി മറ്റൊന്ന് പറയുന്നു. അനവസരത്തില്‍ എടുത്ത തീരുമാനമാണ് വഖഫ് നിയമനങ്ങള്‍ പി എസ്സിക്ക് വിട്ടത്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോവുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും സര്‍ക്കാറിന്റെ മുന്നിലില്ല. ഈ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകും വരെ മുസ്ലിം ലീഗ് പാര്‍ട്ടി സമര രംഗത്ത് ഉണ്ടാവും. ഒരു കാരണവശാലും പിന്തിരിയുന്ന പ്രശ്‌നമില്ല.
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി എച്ച് അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു. ഇടി മുഹമ്മദ് ബഷീര്‍ എംപി, അബ്ദുസമദ് സമദാനി എംപി ,പിവി അബ്ദുല്‍ വഹാബ് എംപി , പി എം എ സലാം തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.