X

വഖഫ് നിയമന അട്ടിമറി ഇടത് സര്‍ക്കാറിന്റെ ഒളിയജണ്ട

ഇഖ്ബാല്‍ കല്ലുങ്ങല്‍

വഖഫ് ബോര്‍ഡ് നിയമനത്തിലെ അട്ടിമറി പിണറായി സര്‍ക്കാറിന്റെ ഒളിയജണ്ടയുടെ ഭാഗം. ദേവസം ബോര്‍ഡിലും വഖഫ് ബോര്‍ഡിലും വിവേചന നയം കാണിക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയാണ്. സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരാണ് മുസ്‌ലിം ന്യൂനപക്ഷം. മുസ്‌ലിംലീഗ് നേതൃത്വത്തിലുള്ള കനത്ത പ്രക്ഷോഭം സര്‍ക്കാറിനെ വിറളിപിടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ ആളിക്കത്തുന്ന വിഷയങ്ങളില്‍ മുഖ്യമന്ത്രി നല്‍കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാറില്ലെന്നതാണ് ഇടത് സര്‍ക്കാര്‍ ചരിത്രം. പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന വിദ്യകള്‍ കേരളം തിരിച്ചറിഞ്ഞതാണ്. സി.എ.എ, എന്‍.ആര്‍.സി കേസ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, സച്ചാര്‍ റിപ്പോര്‍ട്ട്. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകം തുടങ്ങിയ സംഭവങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ ജലരേഖയായി.

രാജ്യത്ത് ആകെ 30 വഖഫ് ബോര്‍ഡുകളാണുള്ളത്. ഇവിടെയെല്ലാം വഖഫ് നിയമനങ്ങള്‍ അതത് ബോര്‍ഡുകള്‍ തന്നെയാണ്. ഇവയില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഇങ്ങിനെയൊരു മാറ്റം പൊടുന്നനെയെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കാന്‍ മാത്രം എന്തുണ്ടായി എന്ന ചോദ്യത്തിനു ഉത്തരമില്ല. 2017 ഫെബ്രുവരി മാസം നടന്ന കേരള ബജറ്റ് സമ്മേളനത്തിലാണ് വഖഫ് നിയമനം പി.എസ്.സിക്കു വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.ദേവസ്വം ബോര്‍ഡ് നിയമനവും പി.എസ്.സിക്കു വിടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ പി.എസ്.സി നിയമനം വേണ്ടെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. വഖഫ് വിഷയത്തില്‍ മുസ്‌ലിംസമുദായത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. വഖഫ് ബോര്‍ഡിലേത് മുസ്‌ലിം സമുദായത്തിന്റെ പൂര്‍ണമായ കാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുകയും ന്യൂനപക്ഷത്തെ അവഗണിക്കുകയും ചെയ്യുന്നത് ഇടത് സര്‍ക്കാര്‍ പ്രത്യേക അജണ്ടയാക്കിയിരിക്കുകയാണ്. വഖഫ് ബോര്‍ഡ് നിയമനത്തില്‍ മാത്രം ഇത് ഒതുങ്ങില്ല. മദ്രസ സമയമാറ്റം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സര്‍ക്കാറിന്റെ സജീവമായ പരിഗണനയിലാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെയ്യുന്നത് പോലുള്ള ന്യൂനപക്ഷ ധ്വംസനമാണ് കേരളത്തില്‍ ഇടത് ഭരണത്തില്‍ തുടര്‍ക്കഥയാക്കുന്നത്. പി.എസ്.സി എന്നത് സര്‍ക്കാറിന്റെ സ്റ്റാറ്റിയൂട്ടറി ഘടകമാണ്. സര്‍ക്കാറിന്റെ ഒരു തസ്തികയിലേക്ക് മുസ്ലിംകളെ മാത്രമേ നിയമിക്കൂവെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്താല്‍ അത് അസാധുവാകുമെന്ന് വിധി വരും മുമ്പേ ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. കോടതി ഉത്തരവ് വരുന്നത് വരെ മാത്രമേ സര്‍ക്കാറിന്റെ ഉത്തരവിനു ആയൂസ്സൊള്ളൂവെന്ന് മുഖ്യമന്ത്രിക്കും അറിയാം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഇത് കേരളം കണ്ടതാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇടത് സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതിന്റെ ദുരിതം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുകയാണിപ്പോള്‍, വഖഫ് ബോര്‍ഡില്‍ 106 പോസ്റ്റുകള്‍ മാത്രമാണ് നിയമനത്തിനായുള്ളത്. ഈ നിയമനം സംബന്ധിച്ച് ഒരു വിജിലന്‍സ് കേസു പോലും ഇക്കാലമത്രയും ഉണ്ടായിട്ടില്ല. എന്നിരിക്കെയാണ് വലിയ പരാതികള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Test User: