വിവാദമായ വഖഫ് ഭേദഗതി ബില്ലില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. 2013ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ കോണ്‍ഗ്രസിന്റെ മുസ്‌ലിം പ്രീണനം ആയിരുന്നു എന്നാരോപിച്ചാണ് ഇപ്പോള്‍ വിവാദമായ പുതിയ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്.
എന്നാല്‍, അന്ന് ബില്ലിനെ പിന്തുണച്ച ബി.ജെ.പി, വഖഫ് ഭൂമികളില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വരെ ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഡിയോ സഹിതം സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ ബില്‍ ചര്‍ച്ചക്കിടെ ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനാണ് പാര്‍ലമെന്റില്‍ പാര്‍ട്ടിനിലപാട് വ്യക്തമാക്കിയത്.
ഇപ്പോള്‍ ജനങ്ങളെ ഹിന്ദുവെന്നും മുസ്ലിം എന്നും ക്രിസ്ത്യാനി എന്നും വേര്‍തിരിക്കാന്‍ ബി.ജെ.പിവിഭജനത്തിന്റെ രാഷ്ട്രീയം പയറ്റുകയാണെന്ന് സന്ദീപ് ചൂണ്ടിക്കാട്ടി. ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയം നമ്മുടെ നാടിന് ഒരിക്കലും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷാനവാസ് ഹുസൈന്റെ മുഴുവന്‍ പ്രസംഗവും ബി.ജെ.പി തന്നെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും ഹിന്ദി അറിയാത്ത ബി.ജെ.പിക്കാര്‍ സുരേന്ദ്രേട്ടനോട് തര്‍ജ്ജമ ചെയ്തു തരാന്‍ ആവശ്യപ്പെടേണ്ടതാണെന്നും സന്ദീപ് പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വഖഫ് അമെൻഡ്മെന്റ് ബില്ലിൽ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് കാണണോ? 2013ലെ അമെൻഡ്മെന്റ് ബില്ലിനെ സപ്പോർട്ട് ചെയ്ത് ബി.ജെ.പി പ്രതിനിധിയായ സയ്യിദ് ഷാനവാസ് ഹുസൈൻ ലോക്സഭയിൽ നടത്തിയ പ്രസംഗം കാണുക. പ്രസംഗത്തിൽ 95ലെ പരിഷ്കരണത്തെയും ബി.ജെ.പി പിന്തുണച്ചതായി ഷാനവാസ് ഹുസൈൻ പറയുന്നുണ്ട്. മാത്രമല്ല വഖഫ് ഭൂമികളിൽ നിൽക്കുന്ന സർക്കാർ കെട്ടിടങ്ങൾ വരെ ഒഴിപ്പിക്കണം എന്നാണ് ഷാനവാസ് ഹുസൈൻ ബിജെപി നിലപാടായി പ്രസംഗിച്ചിട്ടുള്ളത്.
ഇത് വളരെ നേരത്തെ വരേണ്ടിയിരുന്ന നിയമഭേദഗതിയാണെന്നും വൈകിയെങ്കിലും സ്വാഗതം ചെയ്യുന്നു എന്നുമാണ് ബിജെപി 2013ൽ പറഞ്ഞത് . ഇപ്പോൾ ബിജെപി എന്താ പറയുന്നത്?. 2013ലെ നിയമഭേദഗതി കോൺഗ്രസിന്റെ മുസ്‍ലിം പ്രീണനം ആയിരുന്നുവെന്ന്. ഈയൊരു നിയമഭേദഗതിക്ക് വേണ്ടി ഏറ്റവും ശക്തമായി വാദിച്ച പാർട്ടിയായിരുന്നു ബിജെപി എന്നോർക്കണം.
ഇപ്പോൾ ജനങ്ങളെ ഹിന്ദുവെന്നും മുസ്ലിം എന്നും ക്രിസ്ത്യാനി എന്നും വേർതിരിക്കാൻ , വിഭജനത്തിന്റെ രാഷ്ട്രീയം പയറ്റുകയാണ് ബിജെപി. ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയം നമ്മുടെ നാടിന് ഒരിക്കലും ഗുണകരമല്ല.
മുഴുവൻ പ്രസംഗവും ബിജെപി തന്നെ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഹിന്ദി അറിയാത്ത ബിജെപിക്കാർ സുരേന്ദ്രേട്ടനോട് തർജ്ജമ ചെയ്തു തരാൻ ആവശ്യപ്പെടേണ്ടതാണ്. 😆