ന്യൂഡല്‍ഹി: രാജ്യത്തെ മുസലിം സമൂഹത്തെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നാം മോദി സര്‍ക്കാര്‍ കഴിഞ്ഞ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ തടയിടാന്‍ ചുക്കാന്‍ പിടിച്ച മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രശംസ.
വഖഫ് (ഭേദഗതി) ബില്ലിന്റെ ചര്‍ച്ചയില്‍ നിങ്ങള്‍ നല്‍കിയ വിലമതിക്കാനാകാത്ത സഹായത്തിനും പിന്തുണയ്ക്കും ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും വേണ്ടി അങ്ങേയറ്റം നന്ദി അറിയിക്കുന്നതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫസലു റഹിം മുജദ്ദിദി അയച്ച അഭിനന്ദന കത്തില്‍ പറഞ്ഞു.
വഖഫ് നിയമത്തില്‍ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായാണ് ഭേദഗതിക്ക് ശ്രമിക്കുന്നത്. താങ്കളുടെ അശ്രാന്തവും വിരോചി തവുമായ പരിശ്രമങ്ങള്‍ കൊണ്ട് ബില്‍ പാസാക്കാനായില്ല.
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുവേണ്ടി പോരാടുന്നതിലുള്ള താങ്കളുടെ ധീരത ഞങ്ങളുടെ ഓര്‍മ്മയില്‍ മായാതെ പതിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഭാവിയിലും ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന വേളകളില്‍ താങ്കളുടെ നേതൃത്വത്തിലുള്ള ചടുല നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നു. താങ്കളുടെ വിജയത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും കത്തില്‍ പറയുന്നു.