മുസ്‌ലിം ലീഗ് പ്രതിനിധികളെ ഉള്‍പ്പെടുത്താതെ വഖഫ് ഭേദഗതി ബില്‍ പരിശോധനക്കായി രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ച നടപടിക്കെതിരെ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ജന്‍മഗേഹമായ അലിഗഡില്‍ നടന്ന ഉത്തര്‍ പ്രദേശ് സംസ്ഥാന മുസ്‌ലിം ലീഗ് കൗണ്‍സില്‍ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തില്‍ മുസ്‌ലിം ലീഗ് വ്യവസ്ഥാപിതമായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ വിജയം ഉത്തരേന്ത്യയില്‍ പാര്‍ട്ടി നടത്തുന്ന ഇടപെടലുകള്‍ ലക്ഷ്യം കാണുന്നതിന്റെ സൂചനയാണ്. അലിഗഡ് മൂവ്മെന്റിന്റെ സ്വതന്ത്ര ഭാരതത്തിലെ സര്‍ഗാത്മകതുടര്‍ച്ചയാണ് മുസ്‌ലിം ലീഗ്. പഴയ പ്രതാപത്തിലേക്ക് യു.പിയില്‍ പാര്‍ട്ടി തിരിച്ചെത്തുന്ന കാലം വിദൂരമല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മെമ്പര്‍ഷിപ്പ് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തില്‍ സ്ത്രീകളടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. രാജ്യത്ത് തന്നെ ഏറ്റവും മുസ്‌ലിം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ ഗതകാലത്തെ കരുത്ത് വീണ്ടെടുക്കാന്‍ മുസ്‌ലിം ലിഗ് പ്രസ്ഥാനത്തിനു കഴിയുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് അലിഗഡിലെ കൗണ്‍സില്‍ യോഗം സമാപിച്ചത്. സംസ്ഥാന പ്രസിഡണ്ട് ഡോ. മതീന്‍ ഖാന്‍ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, നിരീക്ഷകന്‍ കൂടിയായ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ദീന്‍ നദ്വി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ഉവൈസ് സ്വാഗതവും ലതാഫത് റസ നന്ദിയും പറഞ്ഞു.