കൊച്ചി: രാജ്യത്ത് നിലവിലുള്ള വഖ്ഫ് സ്വത്തുക്കളുടെ നാല്‍പത് ശതമാനത്തിലധികവും കയ്യേറ്റം ചെയ്യപ്പട്ടതായി ജസ്റ്റിസ് സഖിയുല്ല ഖാന്‍ പറഞ്ഞു. വഖ്ഫ് സ്വത്തുക്കളുടെ വാടക നിയമവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി നിയമിക്കപ്പെട്ട സഖിയുള്ളഖാന്‍ കമ്മീഷന്‍ കൊച്ചിയില്‍ നടത്തിയ സംസ്ഥാന വഖ്ഫ്‌ബോര്‍ഡിന്റെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നുമാസമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കി. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. കേന്ദ്ര സംസ്ഥാന വഖ്ഫ് ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് ലക്ഷത്തിലധികം വഖ്ഫ് സ്വത്തുക്കള്‍ രാജ്യത്തുണ്ട്. ഇത്തരം സ്വത്തുക്കള്‍ സംരക്ഷിക്കുകയും അതില്‍ നിന്നും കിട്ടുന്ന വരുമാനം മുസ്‌ലിം സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയുമാണ് കമ്മീഷന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച സമിതി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും പ്രധാനപ്പെട്ട വഖ്ഫ് മുതവല്ലിമാരുമായി അഭിപ്രായ സ്വരൂപണം നടത്തി. വഖ്ഫ് വസ്തുക്കളുടെ വാടക സംബന്ധിച്ച നിയമത്തില്‍ കാതലായ ഭേദഗതി വരുത്തുന്നതിനും നിയമം പുന:പരിശോധിക്കുന്നതിന് ആവശ്യമായ അഭിപ്രായങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു വന്നു. വഖ്ഫ് വസ്തുവിന്റെ വാടക സംബന്ധമായ കേസുകളിലെ കാലതാമസം ദുരീകരിക്കുക, വഖ്ഫിന്റെ വാടകയിനത്തില്‍ ജി.എസ്.ടി ചുമത്തിയത് പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ജസ്റ്റിസ് സഖിയുല്ല ഖാനെ കൂടാതെ കേന്ദ്ര സമിതി അംഗങ്ങളായ അഡ്വ. ടി.ഒ നൗഷാദ്, അഡ്വ. സയ്യിദ് ഹുസൈന്‍ റിസ്‌വി, ഡോ. അനില്‍കുമാര്‍ ഗുപ്ത, ആര്‍.എസ് സക്‌സേന, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി ബി.എം ജമാല്‍ എന്നിവര്‍ സമിതിയെ പ്രതിനിധീകരിച്ചും വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്‍, ഗവണ്‍മെന്റ് അഡീഷണല്‍ നിയമ വകുപ്പ് സെക്രട്ടറി എ. സാജിത, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) യു. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ചും യോഗത്തില്‍ സംബന്ധിച്ചു.