തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ഒപ്പം യു.എ.ഇയിലും ഒമാനിലും ശിവശങ്കര്‍ നടത്തിയ യാത്രകളുടെ രേഖകള്‍ പുറത്ത്. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെ നടത്തിയ ഔദ്യോഗിക യാത്രകളാണ് ഇതെന്നാണ് രേഖകള്‍ പറയുന്നത്. 2017 ഏപ്രിലില്‍ സ്മാര്‍ട് സിറ്റി പദ്ധതിക്കായും 2018 ഏപ്രിലില്‍ നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനുമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഈ രണ്ട് യാത്രയും ദുബായിലേക്കായിരുന്നു. ഈ യാത്രയില്‍ സ്വപ്‌ന കൂടെ ഉണ്ടായിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. 2017 ഏപ്രില്‍ 10 മുതല്‍ 13 വരെ ആയിരുന്നു ആദ്യ സന്ദര്‍ശനം. ഏപ്രില്‍ മൂന്നിനാണ് യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2018ല്‍ ഏപ്രില്‍ ഒമ്പത് മുതല്‍ 11 വരെ ആയിരുന്നു യാത്ര. ദുബൈയിലെ നിക്ഷേപ സംഗത്തില്‍ ശിവശങ്കറിന് പുറമേ, ജിഎഡി പ്രിന്‍സിപ്പല്‍ സെക്രട്ടരി ബിശ്വനാഥ് സിന്‍ഹയും പങ്കെടുത്തിരുന്നു.
ഏപ്രില്‍ 12 മുതല്‍ 15 വരെയായിരുന്നു ഒമാന്‍ സന്ദര്‍ശനം. ഒമാന്‍ യാത്രയ്ക്കിടെ സ്വപ്‌ന അവിടെ എത്തി ശിവശങ്കറിനെ കാണുകയായിരുന്നു. രണ്ടു പേരും ഒന്നിച്ചായിരുന്നു മടക്കം. വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യും.