X

കുഞ്ഞിനെ വേണം; അനുപമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം തുടങ്ങി

പേരൂര്‍ക്കടയില്‍ കുഞ്ഞിനെ വേര്‍പെടുത്തിയ സംഭവത്തില്‍ അമ്മ അനുപമ നിരാഹാര സമരം തുടങ്ങി.സെക്രട്ടേറിയറ്റിന് മുമ്പിലാണ് ഏകദിന നിരഹാര സമരം തുടങ്ങിയത്.അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നടപടിയാണ് വേണ്ടതെന്നും സമരവേദിയില്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ മന്ത്രി വീണ ജോര്‍ജ് രാവിലെയോടെ അനുപമയെ വിളിച്ച് കുഞ്ഞിനെ തിരികെ കിട്ടാന്‍ നടപടിയെടുക്കുമെന്നും, വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ പൊലീസിലും വനിത കമീഷനിലും വിശ്വസമില്ലെന്ന് അനുപമ പ്രതികരിച്ചു.

അതെ സമയം അധികാരത്തിന്റെ തണലില്‍ സി.പി.എം നേതാക്കളായ അച്ഛനും അമ്മയും ചേര്‍ന്ന് സ്വന്തം മകളുടെ ചോരക്കുഞ്ഞിനെ നാടുകടത്തിയ സംഭവത്തില്‍ വെട്ടിലായി സര്‍ക്കാര്‍. കുഞ്ഞിന്റെ മാതാവായ അനുപമ മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനെയും സമീപിച്ചിട്ടും നീതി കിട്ടിയില്ല. ഡി.ജി.പി അടക്കമുള്ള ഉന്നതര്‍ക്ക് നല്‍കിയ പരാതിയും പൂഴ്ത്തിവെച്ചു. സി.പി. എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അനുപമയോട് രൂക്ഷമായാണ് പ്രതികരിച്ചത്. വിഷയത്തില്‍ ഇടപെടേണ്ട സംസ്ഥാന ശിശുക്ഷേമസമിതിയെ സി.പി.എമ്മിന്റെ പോഷക സംഘടയാക്കിയെന്ന ആരോപണവും ശക്തമാണ്. ഇതിനിടെ ഇതാദ്യമായി ഇത്തരമൊരു വിഷയത്തില്‍ സി.പി.എമ്മിന് വിശദീകരണം നല്‍കേണ്ട സ്ഥിതിയുമുണ്ടായി. ആ കുഞ്ഞ് എവിടെയാണ് എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. അതിന് ഉത്തരം നല്‍കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഇതുസംബന്ധിച്ച് കുഞ്ഞിന്റെ അമ്മയും പേരൂര്‍ക്കട സ്വദേശിനിയുമായ അനുപമ നേരത്തെ പൊലീസിലും മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്. പേരൂര്‍ക്കട പൊലീസ്, സിറ്റി പൊലീസ് കമ്മീഷണര്‍, ഡി.ജി.പി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, സി.ഡബ്ല്യൂ. സി ചെയര്‍പേഴ്‌സണ്‍ സുനന്ദ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കി. 30നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സംഭവം വിവാദമാവുകയും പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടാവുകയും ചെയ്തതിന് പിന്നാലെ പൊലീസ് ശിശുക്ഷേമ സമിതിയിലെത്തി റിപ്പോര്‍ട്ട് തേടി. എന്നാല്‍ കുഞ്ഞിനെ മറ്റൊരാള്‍ ദത്തെടുത്തെന്നും അതുസംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നുമായിരുന്നു സമിതിയുടെ നിലപാട്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കുട്ടിയെ കടത്താന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ ശിശുക്ഷേമ സമിതിക്കുണ്ടായ വീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. രണ്ട് കുട്ടികളെയാണ് ഒക്‌ടോബര്‍ 22ന് അമ്മതൊട്ടിലില്‍ ലഭിച്ചത്. ഒരു കുട്ടിയുടെ ഡി. എന്‍. എ പരാതിക്കാരുമായി യോജിച്ചില്ല. രണ്ടാമത്തെ കുഞ്ഞ് ദത്തെടുത്ത മാതാപിതാക്കളുടെ കൂടെയാണ്. അമ്മക്ക് കുട്ടിയെ ലഭിക്കുക എന്നതാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 19ന് പ്രസവിച്ച ശേഷം ആസ്പത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയായ അനുപമയുടെ പരാതി.

 

 

 

 

 

 

 

 

 

 

 

Test User: