X

‘രണ്ടാം കിം ജോങ് ഉന്നിനെ വേണോ?’; യോഗിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാകേഷ് ടികായത്ത്

ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്  കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാണോ വേണ്ടത് അല്ലെങ്കില്‍ രണ്ടാം കിം ജോങിനെ പോലെയുള്ളവര്‍ ഭരിക്കുന്ന സാഹചര്യം വേണോ എന്ന് ജനങ്ങളാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  ഒരു സംസ്ഥാനത്തും ഞങ്ങള്‍ക്ക് സ്വേച്ഛാധിപത്യ സര്‍ക്കാര്‍ ആവശ്യമില്ലെന്നും ആളുകള്‍ വിവേകത്തോടെ അവരുടെ വോട്ടുകള്‍ വിനിയോഗിക്കണമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.

ബി.ജെ.പി യുപിയിലെ മുസാഫര്‍നഗറില്‍ ധ്രുവീകരണ പ്രചാരണം നടത്തുകയാണെന്നും ഹിന്ദു-മുസ്‌ലിം മാര്‍ച്ചുകള്‍ക്കുള്ള സ്‌റ്റേഡിയമല്ല ഇതെന്നും കഴിഞ്ഞ ആഴ്ച രാകേഷ് പറഞ്ഞിരുന്നു. വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ പടിഞ്ഞാറന്‍ യുപി ആഗ്രഹിക്കുന്നുണ്ടെന്നും ഹിന്ദു, മുസ്‌ലിം, മതം, ജിന്ന എന്നിവയെപറ്റി സംസാരിക്കുന്നവര്‍ക്ക് വോട്ട് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് എതിരെ  നില്‍ക്കാത്തവരെ വോട്ടര്‍മാര്‍ പിന്തുണക്കുമെന്ന് കരുതുന്നെന്ന് പറഞ്ഞ രാകേഷ് ഹിന്ദു-മുസ്‌ലിം വോട്ടര്‍മാരെ ധ്രുവീകരിക്കാത്തവരെ വോട്ടര്‍മാര്‍ പിന്തുണയ്ക്കുമെന്നും കൂട്ടിചേര്‍ത്തു. കര്‍ഷകര്‍ക്ക് വികസനം, വൈദ്യുതി, വെള്ളം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ആശങ്കയുണ്ടെന്നും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് കൂടി സംസാരിക്കുന്നവരെ ആളുകള്‍ അനുകൂലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Test User: