മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയ ‘വാണാക്രൈ’ വൈറസ് കേരളത്തിലും. വയനാട്ടിലും പത്തനംതിട്ടയിലുമാണ് വാനാക്രൈ വൈറസുകളുടെ ആക്രമം പുതുതായി കണ്ടെത്തിയത്. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കമ്പ്യൂട്ടറുകളിലുമാണ് വൈറസ് പ്രശ്‌നം സൃഷ്ടിച്ചത്.
അതിനിടെ, റാന്‍സംവെയര്‍ ആക്രമണത്തിന് രാജ്യവും ഇരയായതോടെ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ രംഗത്തെത്തി. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടിയന്തിരമായി അടച്ചിടണമെന്നാണ് നിര്‍ദേശം. എടിഎമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് കൂടുതല്‍ ഇരയായത്.
ഞായറാഴ്ച അവധി കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് കമ്പ്യൂട്ടറുകള്‍ വാണാക്രൈ മാല്‍വേറുകള്‍ ലോക്ക് ചെയ്തതായി കണ്ടെത്തിയത്. കമ്പ്യൂട്ടറിലെ ഫയലുകള്‍ തുറന്നു ലഭിക്കണമെങ്കില്‍ പണം നല്‍കണമെന്ന സന്ദേശവും സക്രീനിലുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതായും ഫയലുകള്‍ വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ പ്രതികരിച്ചു.