മുംബൈ: നാളെയാണ് ഇന്ത്യയും ന്യുസിലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് വാംഖഡെയില്‍ ആരംഭിക്കുന്നത്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാവട്ടെ വലിയ പ്രതിസന്ധിയിലും. പ്രശ്‌നം നായകന്‍ വിരാത് കോലി തിരികെ വരുന്നതാണ്. കോലി മടങ്ങിയെത്തുമ്പോള്‍ ആരെ കോച്ച് പുറത്തിരുത്തും. മുമ്പ് ദ്രാവിഡ് ഇന്ത്യന്‍ ക്യാപ്റ്റനായ സമയത്ത് ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. അന്ന് പാകിസ്താനെതിരായ പരമ്പര. അതും പാകിസ്താനില്‍. രണ്ടാം ടെസ്റ്റ്. സീനിയര്‍ താരം സൗരവ് ഗാംഗുലിക്ക് പരുക്കേല്‍ക്കുന്നു. പകരക്കാരനായി യുവരാജ് സിംഗ് വരുന്നു. അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തുന്നു. മൂന്നാം ടെസ്റ്റിലേക്ക് വരുമ്പോള്‍ ദാദ തിരികെ വരുന്നു. യുവരാജിനെ എങ്ങനെ ഒഴിവാക്കുമെന്ന വലിയ പ്രതിസന്ധി മുഖത്തായിരുന്നു അപ്പോള്‍ ദ്രാവിഡ്. സമാന പ്രതിസന്ധിയില്‍ ദ്രാവിഡ് നില്‍ക്കുമ്പോള്‍ ആരാണ് പുറത്താവുക.
കോലി നാലാം നമ്പറിലാണ് ബാറ്റ് ചെയ്യാറ്. ആ സ്ഥാനത്താണിപ്പോള്‍ അജിങ്ക്യ രഹാനേ. കോലി വരുമ്പോള്‍ രഹാനേ അഞ്ചാം നമ്പറിലേക്ക് പോവും. അവിടെ കളിച്ചിരുന്ന ശ്രേയാംസ് അയ്യരെ എങ്ങനെ ഒഴിവാക്കും…? കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയും മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരവും നേടിയ താരമാണ്. പിന്നെ ആകെയുള്ള പോം വഴി ചേതേശ്വര്‍ പുജാരയെ ഒപ്പണറാക്കി മാറ്റി കാണ്‍പൂരില്‍ ഓപ്പണര്‍മാരായി കളിച്ചവരില്‍ മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കേണ്ടി വരും.