ലക്‌നൗ: തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി. ജെ.പിക്കും തിരഞ്ഞെടുപ്പില്‍ തലവേദനയാവുന്നു.കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബരാഭങ്കിയില്‍ യോഗിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന വേദിക്കരികിലേക്ക് തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നൂറ് കണക്കിന് കന്നുകാലികളെ എത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. കന്നുകാലി ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ കന്നുകാലികളെ അഴിച്ചുവിട്ടത്. തെരുവില്‍ അലയുന്ന കന്നുകാലിക തടയാന്‍ മോദി സര്‍ക്കാര്‍ പുതിയ നയം സ്വീകരിച്ചെങ്കിലും പ്രശ്‌നം ചില പ്രദേശങ്ങളില്‍ മാത്രമാണെന്ന നിലപാടാണ് യു.പി സര്‍ക്കാരിനുള്ളത്.
മാര്‍ച്ച് 10 മുതല്‍ കന്നുകാലികളെ തടയാന്‍ നയം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ 75ല്‍ 44 ജില്ലകളും കന്നുകാലികളില്‍ നിന്ന് മുക്തമാണെന്ന് ആദിത്യനാഥ് പറഞ്ഞു. മണ്ഡി പരിഷത്തില്‍ നിന്ന് ലഭിക്കുന്ന വരമാനത്തിന്റെ മൂന്ന് ശതമാനം ഗോ സേവ ആയോഗ് വഴി രജിസ്റ്റര്‍ ചെയ്ത ഗോശാലകളില്‍ അവശേഷിക്കുന്ന കന്നുകാലികളുടെ ക്ഷേമത്തിനായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഗോശാല നിയമപ്രകാരം 572 ഗോശാലകളാണ് ഇതുവരെ ഗോ സേവ ആയോഗ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 394 സജീവ ഗോശാലകളും ഇതില്‍ ഉള്‍പ്പെടുന്നു. 20 കോടി രൂപയാണ് രജിസ്റ്റര്‍ ചെയ്ത ഗോശാലകള്‍ക്ക് നല്‍കിയിട്ടുള്ളത്.
തെരുവില്‍ അലയുന്ന എല്ലാ മൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് 474 കോടി സര്‍ക്കാര്‍ അനുവച്ചിട്ടുണ്ടെന്നും ഓരോ മേഖലയിലെയും നോഡല്‍ ഓഫീസര്‍മാര്‍ ഗോശാലകള്‍ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരം നടത്താറുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.അനധികൃത അറവുശാലകള്‍ പൂര്‍ണമായും അടച്ചുപൂട്ടിയെന്നും ഒമ്പത് ലക്ഷത്തിലധികം അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഷെല്‍ട്ടറുകളിലാണെന്നും യോഗി വ്യക്തമാക്കി.
അതേസമയം ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. വൈകിട്ട് 5 മണി വരെ 53.98 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 12 ജില്ലകളിലെ 61 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
692 സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. ഹിന്ദുത്വത്തിന്റെ പ്രഭവ കേന്ദ്രമായ അയോധ്യ, കോണ്‍ഗ്രസിന്റെ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന അമേ ഠി, റായ്ബറേലി, എന്നിവയും സുല്‍ത്താന്‍പൂര്‍, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാമ്പി, പ്രയാഗ്‌രാജ്, ബരാബങ്കി, ബഹ്‌റൈച്ച്, ശ്രാവസ്തി, ഗോണ്ട തുടങ്ങിയ ജില്ലകള്‍ ഇന്നലെ വിധിയെഴുതി.
2017ല്‍ 61ല്‍ 50 സീറ്റുകളിലും ബി.ജെ.പിയും സഖ്യകക്ഷികളും വിജയിച്ചിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ (സിരാതു), കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോന (രാംപൂര്‍ ഖാസ്), സിദ്ധാര്‍ത്ഥ് നാഥ് സിങ് (അലഹബാദ് വെസ്റ്റ്) തുടങ്ങിയവരാണ് ജനവിധി തേടിയവരില്‍ പ്രമുഖര്‍. അവസാന രണ്ട് ഘട്ടങ്ങള്‍ മാര്‍ച്ച് 3 നും 7 നും നടക്കും. മാര്‍ച്ച് 10 നാണ് ഫലപ്രഖ്യാപനം.